തിരുവനന്തപുരം: തിരുവനന്തപുരത്തെ നാല് ക്ഷേത്രങ്ങളില്‍ മോഷണം. കോവളം, വിഴിഞ്ഞം ബാലരാമപുരം  സ്റ്റേഷൻ പരിധികളിലെ മുട്ടയ്ക്കാട്, വെങ്ങാനൂർ, മംഗലത്തുകോണം എന്നിവിടങ്ങളിലെ നാല് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. വെങ്ങാനൂർ നീലകേശി മുടിപ്പുരക്ഷേത്രം , മുട്ടയ്ക്കാട്ചിറയിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്രം,  മുട്ടയ്ക്കാട് ശ്രീ കുന്നിയോട് കണ്ഠൻ ശാസ്താക്ഷേത്രം, മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്ക വഞ്ചികളുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ക്ഷേത്ര ഭാരവാഹികൾ മോഷണം വിവരം അറിയുന്നത്. കാണിക്കവഞ്ചികളുടെ പിൻഭാഗത്തെ ഇരുമ്പ് ഗ്രില്ലിലെപൂട്ട് പൊട്ടിച്ചാണ് പണം കവർന്നിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  മുട്ടയ്ക്കാട് മേഖലകളിലെ കവർച്ച നടന്ന കാണിക്കവഞ്ചികൾ കോവളം പോലീസും കാട്ടുനട ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ബാലരാമപുരം പൊലീസും പരിശോധന നടത്തി.  

വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊട്ടിക്കാൻ ശ്രമം നടത്തിയതായും  പണം കവർന്നിട്ടില്ലെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു. രണ്ടംഗ സംഘം കാറിൽ എത്തി കാണിയ്ക്കവഞ്ചിയുടെ പൂട്ട് തകർക്കുന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്.