ഫൈസൽ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി കവർച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളിയാണ്. ഫൈസലിനെതിരെ കാപ്പ ചുമത്തിയേക്കും
പാലക്കാട്: ക്വട്ടേഷൻ സംഘാംഗം ഫൈസൽ ചെർപ്പുളശ്ശേരിയിൽ അറസ്റ്റിൽ. ക്വട്ടേഷൻ നേതാവ് അനസ് പെരുമ്പാവൂരിന്‍റെ അനുയായി ആണ് ഫൈസല്‍. അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഫൈസൽ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസ് പറയുന്നത്. നിരവധി കവർച്ചാ കേസുകളിലും പിടികിട്ടാപ്പുള്ളിയാണ്. ഫൈസലിനെതിരെ കാപ്പ ചുമത്തിയേക്കും.
അതേസമയം, കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നുവെന്നുള്ള വെളിപ്പെടുത്തലുകളും വന്നിരുന്നു. കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബിന്‍റെതാണ് വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തിനാണ് അനസ് ദുബായിലെത്തിയതെന്നും കൂട്ടത്തിലുണ്ടായിരുന്ന നാല് പേരെ വധിക്കാന്‍ പദ്ധതിയിട്ടതായും ഔറംഗസേബ് പറഞ്ഞു.
കൊലകുറ്റം, വധശ്രമം, ക്വട്ടേഷന്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ അനസ് പെരുമ്പാവൂര്‍, രണ്ട് വട്ടം കാപ്പ ചുമത്തിയ കുപ്രസിദ്ധ ഗുണ്ടാതലവനാണ്. കേസുകളിലെല്ലാം അന്വേഷണവും കോടതി നടപടികളും തുടരുന്നതിനിടെയാണ് അനസ് വിദേശത്തേക്ക് കടന്നെന്ന് ഉറ്റ സുഹൃത്തും നിരവധി കേസുകളില്‍ പ്രതിയുമായ ഔറംഗസേബിന്‍റെ വെളിപ്പെടുത്തൽ. പെരുമ്പാവൂരുകാരനായ അനസ് ബെംഗളൂരു മേല്‍വിലാസത്തില്‍ നിര്‍മിച്ചെന്ന് ആരോപിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റും, ആധാര്‍കാര്‍ഡും വ്യാജ പാസ്പോര്‍ട്ടും ഔറംഗസേബ് പരസ്യമാക്കുകയും ചെയ്തിരുന്നു.
നേപ്പാള്‍ വഴിയാണ് അനസ് വ്യാജ പാസ്പോർട്ട് വഴി വിദേശത്തേക്ക് കടന്നതെന്നാണ് വെളിപ്പെടുത്തൽ. കേരളത്തില്‍ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അനസും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അതില്‍ ലഭിച്ച പണം ഉപയോഗിച്ച് ദുബായില്‍ പുതിയൊരു സ്ഥാപനം തുടങ്ങിയിട്ടുണ്ടെന്നും ഔറംഗസേബ് വെളിപ്പെടുത്തി.
