പരുതൂർ പഞ്ചായത്തിലെ പഴയങ്ങാടി തളി മഹാദേവ ക്ഷേത്രത്തിലെ ഭാരവാഹികളാണ് കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്.

പാലക്കാട്: പാലക്കാട് തൃത്താലയിൽ മോഷ്ടാക്കളെ ഭയന്ന് ക്ഷേത്ര ഭണ്ഡാരങ്ങൾ പൂട്ടാതെ തുറന്നിടുന്നു. പരുതൂർ പഞ്ചായത്തിലെ പഴയങ്ങാടി തളി മഹാദേവ ക്ഷേത്രത്തിലെ ഭാരവാഹികളാണ് കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്.

മോഷ്ടക്കൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് പരുതൂർ വാസികൾ. ചുറ്റും മോഷണ പരമ്പരകളാണ്. സമീപത്തെ ക്ഷേത്ര ഭണ്ഡാരകളിൽ ചിലതൊക്കെ മോഷ്ടാക്കൾ കുത്തി തുറന്നു. ഇതിനൊരു താത്കാലിക പ്രതിരോധം എന്ന നിലയ്ക്കാണ് ഭണ്ഡാരം തുറന്നിടാൻ തീരുമാനമെടുത്തത്. ഓരോ ദിവസത്തെ ഭണ്ഡാര വരുമാനം മുഴുവൻ പുറത്തെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സൂക്ഷിക്കും, പിന്നീട് രാത്രിയിൽ ഭണ്ഡാരം പൂട്ടാതെ തുറന്നിടുകയും ചെയ്യും. ഇത്തരത്തിൽ ക്ഷേത്ര ഓഫീസ് കെട്ടിടത്തിനകത്തും പണം സൂക്ഷിക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ക്ഷേത്ര ജീവനാക്കാർ രാത്രികാലങ്ങളിൽ സംഘം ചേർന്ന് പ്രദേശത്ത് നിരീക്ഷണം നടത്താനും പദ്ധതിയുണ്ട്. പൊലീസ് രാത്രി കാല പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

Also Read : പട്ടാപ്പകൽ വീട്ടിൽ കയറി വീട്ടമ്മയെ കെട്ടിയിട്ടു, കവർന്നത് 57 പവൻ സ്വർണ്ണവും ലക്ഷങ്ങളും; 4 പേർ പിടിയിൽ

ശനിയാഴ്ച രാത്രി ക്ഷേത്രത്തിൽ ഓഫീസ് കെട്ടിടത്തിന്റെ വാതിൽ തകർത്തും ഭണ്ഡാരങ്ങൾ തകർക്കാൻ ശ്രമിച്ചും മോഷണ ശ്രമം നടന്നിരുന്നു. ഏതാനും ദിവസം മുൻപ് ചിറങ്കര മാഹാവിഷ്ണു ക്ഷേത്രം , സമീപത്തെ വേട്ടക്കൊരുമകൻ ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നിരുന്നു. പ്രദേശത്തെ മദ്രസ കെട്ടിടത്തിലും മോഷണ ശ്രമം ഉണ്ടായി. കൂടാതെ പാലത്തറ ഭാഗത്ത് നിന്നും ഒരു ഇരുചക്ര വാഹനവും മോഷ്ടാക്കൾ കവർന്നു. പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ നിന്നും ഒരു മാസത്തിനിടെ ഏഴ് പമ്പ് സെറ്റുകളും കള്ളൻമാർ കൊണ്ടുപോയി. പ്രതികളെ കണ്ടെത്താനോ മോഷണ ശ്രമങ്ങൾക്ക് തടയിടാനോ പൊലീസിന് സാധിക്കാത്തതിനാൽ നാട്ടുകാർ ആശങ്കയിലാണ്.

YouTube video player