പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളും ഇത് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിയിച്ചു. മാതാപിതാക്കളുടെ വിവാഹമോചനത്തിൽ ദേഷ്യം പൂണ്ട സ്വന്തം മകനാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.
മിഷിഗൺ: വിവാഹമോചനവും കുടുംബബന്ധങ്ങളിലെ വിള്ളലുകളും ഒരു കൗമാരക്കാരനെ ഒരു കുറ്റകൃത്യത്തിലേക്ക് എങ്ങനെ എത്തിച്ചു എന്നത് വ്യക്തമാകുന്ന ഒരു കേസാണ് 2017 ഓഗസ്റ്റ് 21-ന് മിഷിഗണിലെ ഫാർമിംഗ്ടൺ ഹിൽസിൽ നടന്നത്. രണ്ടാംനിലയിലെ ജനലിൽ നിന്ന് താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ നദാ ഹുറാനിയയുടെ (35) ദുരൂഹമരണം, ആത്മഹത്യയാണെന്ന് കരുതിയ പൊലീസ്, അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. സിറിയയിൽ ജനിച്ച്, ഭർത്താവ് ഡോ. ബാസൽ അൽതന്താവിയോടൊപ്പം യുഎസ്സിലേക്ക് കുടിയേറിയതാണ് നദാ. മൂന്ന് മക്കളെ വളർത്തുന്നതിനൊപ്പം തന്റേതായ ഒരു വ്യക്തിത്വം കെട്ടിപ്പടുക്കാനും കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും അവര്‍ ആഗ്രഹിച്ചു. അങ്ങനെ മുസ്ലീം വിശ്വാസിയായിരുന്ന നദാ, ഫിറ്റ്നസ് ഇൻസ്ട്രക്ടറായി ജോലി നേടുകയും ഹിജാബ് ധരിക്കുന്നത് നിർത്തുകയും ചെയ്തു. ഈ മാറ്റങ്ങളെല്ലാം ഭർത്താവുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായി. "അമ്മ മുൻപത്തെ പോലെ അനുസരണയുള്ളവളായിരുന്നില്ല. ജോലിക്ക് പോകില്ല, വിദ്യാഭ്യാസം നേടില്ല എന്ന നിലപാടുകൾ മാറിയിരുന്നു," മകൾ അയാ ഓർത്തെടുത്തു.വിവാഹബന്ധത്തിൽ നിന്ന് പുറത്തുവരാൻ നദാ തീരുമാനിക്കുകയും, നടപടികൾ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ജിമ്മിലെ ഒരാളുമായി അടുക്കുകയും ചെയ്തതോടെ ഭർത്താവുമായുള്ള ബന്ധം വഷളായി. മരണസമയത്ത് ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു നദാ.
അപകടമരണം കൊലപാതകമായ വഴിത്തിരിവ്
പുലർച്ചെ ആറ് മണിയോടെ അമ്മയുടെ ചേതനയറ്റ ശരീരം മകൾ അയാ കണ്ടെത്തുകയായിരുന്നു. തുറന്നു കിടന്ന ജനലും, സമീപത്ത് കോണിയും ക്ലീനിംഗ് ലോഷനും കണ്ടതോടെ എല്ലാവരും അതൊരു അപകടമരണമായി കരുതി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിനെ തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് കൊണ്ടുവന്നത്. നദായുടെ മരണം വീഴ്ചയിൽ സംഭവിച്ചതല്ലെന്നും, ശ്വാസം മുട്ടിച്ചതിലൂടെയാണ് മരണം സംഭവിച്ചതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. കൂടാതെ, വീഴ്ചയ്ക്ക് മുൻപ് തന്നെ തലയ്ക്ക് പരിക്കേൽക്കുകയും ചുണ്ടിൽ മുറിവ് സംഭവിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി.
വീട്ടിലെ ആറ് സർവൈലൻസ് ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഒരു ക്യാമറയിൽ, നദാ വീഴുന്നതിന് തൊട്ടുമുമ്പ് ജനലിൻ്റെ ഭാഗത്ത് ഒരു നിഴൽ രൂപം പൊലീസ് കണ്ടെത്തി. ഇത് ഒരാൾ മൃതദേഹം ജനലിലൂടെ പുറത്തേക്ക് തള്ളുന്നതിൻ്റെ ദൃശ്യങ്ങളാകാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് കൊലപാതകം അപകടമരണമായി ചിത്രീകരിക്കാൻ ജനലിന് മുന്നിൽ കോണി വെച്ച് നാടകം മെനഞ്ഞതാകാമെന്നും പൊലീസ് കണക്കുകൂട്ടി. തുടര്‍ന്ന് പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഭർത്താവ് സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അന്വേഷണം മകൻ മുഹമ്മദ് അൽതന്താവിയിലേക്ക് (16) നീണ്ടു. അമ്മയുടെ വിവാഹമോചന തീരുമാനത്തിൽ മുഹമ്മദ് കടുത്ത ദേഷ്യത്തിലായിരുന്നു. "വിവാഹമോചന കേസ് തുടങ്ങിയപ്പോൾ, അമ്മ ഞങ്ങളുടെ അച്ഛൻ്റെ പണം തട്ടിയെടുക്കാനും കുടുംബം തകർക്കാനും ശ്രമിക്കുകയാണെന്നതായിരുന്നു മുഹമ്മദിന്റെ നിലപാട്, ഇക്കാര്യം മകൾ അയായാണ് കോടതിയിൽ മൊഴി നൽകിയത്.
ആദ്യം ഉറക്കത്തിലായിരുന്നു എന്ന് പറഞ്ഞ മുഹമ്മദ്, സിസിടിവി ദൃശ്യങ്ങളിൽ താങ്കളെ കണ്ടുവെന്ന് പൊലീസ് വെറുതെ പറഞ്ഞപ്പോൾ, താൻ അമ്മയെ വൃത്തിയാക്കാൻ സഹായിക്കുകയായിരുന്നുവെന്ന് മൊഴി മാറ്റി. അമ്മ വീണപ്പോൾ ഭയം കാരണം കുളിച്ച് കിടന്നുറങ്ങി എന്നും മൊഴി തിരുത്തി. തുടര്‍ന്നാണ് വിഷം പുരട്ടിയ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് മൃതദേഹം താഴേക്കിട്ടതാണെന്ന് പ്രോസിക്യൂഷൻ കണ്ടെത്തുന്നത്. 2022-ൽ നടന്ന വിചാരണയ്ക്കൊടുവിൽ മുഹമ്മദ് കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
2022 സെപ്റ്റംബറിലെ ശിക്ഷാവിധി സമയത്ത് നടന്ന കാര്യങ്ങൾ ഈ കേസിൻ്റെ വൈകാരികത വർദ്ധിപ്പിച്ചു. അമ്മയുടെ കൊലപാതകത്തെക്കുറിച്ച് മുഹമ്മദ് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായില്ല. "ഞാൻ അമ്മയെ ശ്വാസം മുട്ടിച്ചില്ല, വിഷം നൽകിയില്ല, കൊലപ്പെടുത്തിയില്ല," എന്ന് വിചാരണയിലും ശിക്ഷാവിധിയിലും മുഹമ്മദ് ആവർത്തിച്ചു. വിധി പ്രഖ്യാപനത്തിൽ മുഹമ്മദിന് 35 മുതൽ 60 വർഷം വരെ തടവിന് ശിക്ഷിച്ചു. "താൻ ഇരയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന, അമ്മയല്ല താനാണ് ഇരയെന്ന് വാദിക്കുന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. "നിനക്ക് ഞങ്ങളോട് വെറുപ്പുണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ ഇത്രയധികം വെറുപ്പുണ്ടെന്ന് അറിയില്ലായിരുന്നു... നീ ചെയ്തതിന് നീ തന്നെ അനുഭവിക്കണം എന്നായിരുന്നു "സഹോദരി അയ അന്ന് മുഹമ്മദിനോട് പറഞ്ഞത്.


