ജിന്ദ് : ഹരിയാനയിലെ ജിന്ദ് പട്ടണത്തിൽ വളരെ അപൂർവമായ ഒരു മോഷണം നടന്നു. അതിനു പിന്നാലെ ഉണ്ടായേക്കാവുന്ന ഒരു വലിയ ദുരന്തം പക്ഷേ, കേവല ഭാഗ്യം കൊണ്ടുമാത്രം ഒഴിവായിരിക്കുകയാണ്. ജിന്ദിലെ പട്ടേൽ നഗർ പ്രദേശത്തുള്ള ഒരു ഇരുനിലക്കെട്ടിടത്തെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി താങ്ങി നിർത്തിയിരുന്ന 170 ഹൈഡ്രോളിക് ചാക്കുകളിൽ 40 എണ്ണവും അഴിച്ചെടുത്ത് കള്ളന്മാർ സ്ഥലം വിട്ടു കളഞ്ഞു. ഇതു വരെ ആ കെട്ടിടം ശേഷിച്ച ജാക്കുകളുടെ ബലത്തിൽ അതേപടി ഉയർന്നു നിൽക്കുന്നുണ്ട്. ഇടിഞ്ഞു പൊളിഞ്ഞ് വീണ് അടുത്തുള്ള കെട്ടിടങ്ങൾക്കോ പരിസരവാസികളുടെ ജീവനോ ഒന്നും ഒരു നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല ഇതുവരെ. 

ജൂലാനി ഗ്രാമത്തിൽ നിന്നുള്ള ദൽബീർ എന്നൊരാളാണ് പട്ടേൽ നഗറിൽ രണ്ടായിരം സ്‌ക്വയർഫീറ്റ് വിസ്താരത്തിൽ, ഈ രണ്ടു നിലക്കെട്ടിടം പണികഴിച്ചത്. എന്നാൽ, ആ ഗലിയിൽ നിന്നും അല്പം താഴ്ന്ന നിരപ്പിലാണ് ഈ വീട് എന്നതുകൊണ്ട് മൊത്തമായി കെട്ടിടത്തെ ഒന്ന് ഉയർത്തിക്കെട്ടാൻ ദൽബീർ തീരുമാനിച്ചു. രണ്ടു രണ്ടര അടി ഉയരത്തിൽ വളരെ സുരക്ഷിതമായിത്തന്നെ ഈ കെട്ടിടത്തെ പണിക്കർ ജാക്കുകൾ വെച്ച് ഉയർത്തിക്കഴിഞ്ഞിരുന്നു. അതിനായി 170 ഹൈഡ്രോളിക് ചാക്കുകളും കോൺട്രാക്ടർ ഇവിടെ നിയോഗിച്ചിരുന്നു. അതിൽ നാല്പതെണ്ണം അഴിച്ചെടുത്താണ് രായ്ക്കുരാമാനം കള്ളന്മാർ കടന്നു കളഞ്ഞത്. എന്നിട്ടും ആ കെട്ടിടം മറിഞ്ഞോ ഇടിഞ്ഞു പൊളിഞ്ഞോ വീണില്ലെന്നത് വളരെ ആശ്ചര്യകരമായ സംഗതിയാണ്. 

പണി നടന്നുകൊണ്ടിരിക്കെ സംശയം തോന്നി ജാക്കുകൾ ഒന്ന് എന്നി നോക്കിയാ മേസ്തിരിയാണ് മോഷണം നടന്നു എന്ന കാര്യം കണ്ടെത്തിയത്. ഇത് ജാക്കുകളുടെ പ്രവർത്തനത്തെപ്പറ്റി കൃത്യമായ സാങ്കേതിക പരിജ്ഞാനമുള്ള ഏതോ കള്ളന്മാരാണ് എന്ന ധാരണയിൽ ആ ദിശയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്, അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെയും കള്ളന്മാർ പിടിയിലായിട്ടില്ല.