തിരുവനന്തപുരം:  അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം ദൃശ്യം സിനിമയെ അനുകരിച്ച്. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹം സുഹൃത്തിന്‍റെ നിർമ്മാണം നടക്കുന്ന വീടിന് സമീപമാണ് ഇന്ന് കണ്ടെത്തിയത്. യുവതിയുടെ സുഹൃത്തായ സൈനികനായുള്ള അന്വേഷണം തുടരുകയാണ്.

 കഴി‌ഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് പൂവാർ സ്വദേശിയായ രാഖിയെ കാണാതായത്. എറണാകുളത്ത് കോൾസെന്റർ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ച് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാഖിയുടെ ഫോണ്‍ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികൻ അഖിലിലേക്ക് പൊലീസ് എത്തിയത്. 

തുടർന്ന് അഖിലിന്‍റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.  അഖിലിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്‍റെ ചുരുൾ അഴിഞ്ഞത്.ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഖിലിന്‍റെ നിർമ്മാണം നടക്കുന്ന വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി

മൃതദേഹം കുഴിച്ചിട്ട സ്ഥലം കാട്ടികൊടുത്ത അഖിലിന്‍റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അവധിക്ക് ശേഷവും അഖിൽ സർവ്വീസിൽ പ്രവേശിക്കാതെ ഒളിവിലാണ്. അഖിലിന്‍റെ ജ്യേഷ്ഠൻ രാഹുലിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നു. രാഹുലും ഒളിവിലാണ്. രാഖിയുമായി അഖിൽ സഞ്ചരിച്ച കാർ തമിഴ്നാട്ടിലെ തൃപ്പരപ്പിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.