തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്നലെ രാത്രി കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. മൂന്നുപേരായിരുന്നു ഒരു സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്. ഹെൽമെറ്റ് ധരിക്കാതെയുള്ള  ആ യാത്ര പക്ഷേ അവസാനിച്ചത് ദാരുണമായ അപകടത്തിലായിരുന്നു. 

ഇന്നലെ രാത്രി 10.30 ഓടെയാണ് വെമ്പായത്തിനു സമീപം പെരുങ്കുഴിയിൽ അപകടമുണ്ടായത്. നെടുമങ്ങാട് വെള്ളരികോണം സ്വദേശി മനു, വട്ടപ്പാറ സ്വദേശി ഉണ്ണി എന്നിവർ രാത്രി തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വട്ടപ്പാറ സ്വദേശി വിഷ്ണു പുലർച്ചെയാണ് മരിച്ചത്. കെഎസ്ആർടിസി ബസും സ്കൂട്ടറും അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.