ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു
തിരുവനന്തപുരം: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി പിടിയില്‍. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്‍ നിന്നാണ് പിടികൂടിയത്. ഇമാമിനെ സഹായിച്ച ഫാസില്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്‍റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്.
ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും ഖാസിമി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു
സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് ചുമത്തി ഖാസിമിക്കെതിരെ കേസെടുക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് കേസ് എടുത്തത് ഇതോടെ ഇമാം മുങ്ങി.
ആദ്യം എറണാകുളത്തായിരുന്ന ഇമാം പിന്നീട് കേസ് എടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ കോയമ്പത്തൂരിലേക്ക് മാറി. ഇതിനെക്കുറിച്ച് സൂചന പൊലീസിന് കിട്ടിയിരുന്നു ഇവിടുന്ന് ഇയാള്‍ വിജയവാഢയിലേക്ക് കടന്നു. അതിനിടിയല്‍ പൊലീസിനും പൊതുജനത്തിനും പരിചിതമായ താടി അടക്കമുള്ള രൂപം ഇമാം മാറ്റിയിരുന്നു. മുടിവെട്ടി, താടി പൂര്‍ണ്ണമായും കളഞ്ഞു. ആദ്യം വിജയവാഢയിലാണ് ഇമാമിനെ തേടി പൊലീസ് എത്തിയത്. ഇവിടുത്തെ ലോഡ്ജില്‍ നിന്നും എന്നാല്‍ ഇമാം കടന്നിരുന്നു. പക്ഷെ അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പുതിയ രൂപത്തിലായ ഇമാമിനെ പൊലീസ് തിരിച്ചറിഞ്ഞത് നിര്‍ണ്ണായകമായി. എന്നാല്‍ ഇമാം എവിടെ എന്ന് പൊലീസിന് വലിയ തുമ്പൊന്നും കിട്ടിയില്ല.
അതേ സമയം പാലക്കാട് അതിര്‍ത്തിയില്‍ നിന്നും ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ ഫാസില്‍ എന്ന പെരുമ്പാവൂര്‍ സ്വദേശിയുടെ കാറിലാണ് ഇമാം രക്ഷപ്പെട്ടത് എന്ന വിവരം ലഭിച്ചു. ഫാസിലിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടത്തിയത്. ഇയാളുടെ ഫോണും, വാഹനവും പിന്തുടര്‍ന്ന പൊലീസ് ഒടുവില്‍ മധുരയില്‍ എത്തി. ഇന്ന് രാവിലെ മധുരയില്‍ എത്തിയ ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ പൊലീസിന്‍റെ സഹായത്തോടെ ഇന്ന് വൈകുന്നേരത്തോടെ കാറില്‍ നിന്ന് തന്നെ ഇവരെ പിടികൂടി. വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്ന് രാത്രിയോടെ തന്നെ ഇവരെ തിരുവനന്തപുരം പൊലീസ് സൂപ്രണ്ട് ആസ്ഥാനത്ത് എത്തി ചോദ്യം ചെയ്യും. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇമാമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ആരാണെന്ന് വ്യക്തമാകും എന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
