തൃശ്ശൂർ: തൊഴിയൂർ സുനിൽകുമാർ വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചെറുതുരുത്തി സ്വദേശി സലീം ആണ് പിടിയിലായത്. ജം ഇയ്യത്തുൾ ഇസ്ലാമിയ പ്രവർത്തകനായ ഇയാൾ കുറ്റസമ്മതം നടത്തിയെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. സുനിലിനെ കൊലപ്പെടുത്തിയ ദിവസം ജീപ്പ് ഓടിച്ചതും കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും സലീം ആണ്. 

പിന്നീട് വിദേശത്ത് പോയ ഇയാൾ തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് അന്വേഷണസംഘം ഞായറാഴ്ച രാത്രി ചെറുതുരുത്തിയിൽ വച്ച് പിടികൂടിയത്.മലപ്പുറം പാലൂർ മോഹന ചന്ദ്രൻ വധക്കേസിലും ഇയാൾ പ്രതിയാണ്. താനാണ് മോഹനചന്ദ്രനെ ജീപ്പിടിച്ചു വീഴ്ത്തിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.

സിനുൽ വധക്കേസിൽ ഇതു വരെ അഞ്ച് പേരാണ് പിടിയിലായിട്ടുള്ളത്. അന്വേഷണം തന്നിലേക്ക് നീളുന്നുണ്ടെന്ന് മനസ്സിലാക്കിയ ജം ഇയ്യത്തുൾ ഇസ്ലാമിയ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പഴുന്നാന ഹുസൈൻ മുസ്ലിയാ‍ർ വിദേശത്ത് ഒളിവിലാണ്. കേസിലെ മുഖ്യ പ്രതിയായ സെയ്തലവി അൻവരിയുടെ ആത്മീയ ഗുരുവാണ് പഴുന്നാന ഹുസൈൻ മുസ്ലിയാ‍ർ.