അഡ്രസ് ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തിയാണ് വയോധികയുടെ കഴുത്തില്‍ കിടന്ന മാല വലിച്ചു പൊട്ടിച്ച് പ്രതികള്‍ കടന്നു കളഞ്ഞത്.

ഇടുക്കി: ഇരട്ടയാര്‍ ഇടിഞ്ഞമല മാളൂര്‍ സിറ്റിയില്‍ റോഡിലൂടെ നടന്നുപോയ വയോധികയുടെ മാല പൊട്ടിച്ച സംഘം പിടിയില്‍. തോപ്രാംകുടി സ്‌കൂള്‍ സിറ്റി ഭാഗം മൈലയ്ക്കല്‍ വീട്ടില്‍ അതുല്‍ ജയചന്ദ്രന്‍, സഹോദരന്‍ അഖില്‍ (20) തോപ്രാംകുടി ദൈവമേട് അരീക്കുന്നേല്‍ വീട്ടില്‍ രാഹുല്‍ ബാബു (26)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ജൂലൈ എട്ടിന് ഉച്ചയോടെയാണ് സംഭവം നടന്നത്. അഡ്രസ് ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിര്‍ത്തിയാണ് വയോധികയുടെ കഴുത്തില്‍ കിടന്ന മാല വലിച്ചു പൊട്ടിച്ച് പ്രതികള്‍ കടന്നു കളഞ്ഞത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണസംഘം അതി വിദഗ്ദ്ധമായാണ് പ്രതികളെ പിടികൂടിയത്. ഇതിനു മുന്‍പും പ്രതികള്‍ സമാനമായ കുറ്റക്യത്യങ്ങള്‍ ചെയ്തിട്ടുണ്ട്.

പ്രതികള്‍ മോഷ്ടിച്ച മാല തോപ്രാംകുടിയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 40,000 രൂപയ്ക്ക് പണയം വച്ചിരുന്നു. പിന്നീട് പ്രതികളിലൊരാളയ അതുല്‍ പിതൃമാതാവിന്റെ വള പണയം വച്ച് മാല പണയം എടുത്ത് തൃശ്ശൂര്‍ ഭാഗത്ത് മറ്റൊരാളുടെ സഹായത്തോടു കൂടി വില്‍പ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍, തങ്കമണി ഇന്‍സ്‌പെക്ടര്‍ എ അജിത്, തങ്കമണി എസ് ഐ അഗസ്റ്റിന്‍, പ്രത്യേക അന്വേഷണ സംഘം എസ് ഐ സജിമോന്‍ ജോസഫ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടോണിജോണ്‍ , വി.കെ അനീഷ്, ജോബിന്‍ ജോസ്, സിനോജ് പി ജെ, സിജു, ജിമ്മി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു ഉണ്ടായിരുന്നു.