തൃശ്ശൂർ: മുണ്ടൂരിൽ വ്യവസായിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പേരാമംഗലം പൊലീസാണ് പ്രതികളെ പിടികൂടിയത്. മസ്കറ്റിലെ അനധികൃത മദ്യ വിൽപനക്കാർ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

ആറാട്ടുപുഴ സ്വദേശി പ്രതാപ് സിംഗ് , മുരിങ്ങൂർ സ്വദേശി അമൽ, ചാലക്കുടി സ്വദേശി സിജോ എന്നിവരാണ് പിടിയിലായത്. നവംബർ ഒന്നിനാണ് കേസിന് ആസ്‌പദമായ സംഭവം. മുണ്ടൂർ സ്വദേശിയായ സന്തോഷിനെ സൽസബീൽ സ്കൂളിനടുത്തുള്ള റോഡിൽ വച്ച് എട്ടോളം പേർ ആക്രമിക്കുകയായിരുന്നു. സന്തോഷിന്റെ കഴുത്തിനും കാലിനും അടക്കം ശരീരത്തിലാകെ 11 വെട്ടേറ്റു. കാറിനകത്തായതിനാലാണ് സന്തോഷ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

സന്തോഷും പ്രതാപ് സിംഗും മസ്കറ്റിൽ മദ്യവിൽപന നടത്തുന്നവരാണ്. ബിസിനസ് വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. അനധികൃത മദ്യ വിൽപന പൊലീസിന് ഒറ്റിയതിനുള്ള വൈരാഗ്യത്തെത്തുടർന്ന് പ്രതാപ് സിംഗ് സന്തോഷിനെ വക വരുത്താൽ ക്വട്ടേഷൻ നൽകുകയായിരുന്നു. കേസിൽ അഞ്ച് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റി.