അഭിഷേക് ശർമ്മയുടെ പന്തിൽ കിവി താരം ജേക്കബ് ഡഫി പുറത്തായപ്പോൾ, ഒമ്പതാം വിക്കറ്റ് വീണു എന്നായിരുന്നു ശാസ്ത്രി ആവേശത്തോടെ വിളിച്ചുപറഞ്ഞത്.

അഹമ്മദാബാദ്: 'ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ', 2011-ൽ ഇന്ത്യ ഏകദിന ലോകകപ്പ് ഉയർത്തുമ്പോൾ രവി ശാസ്ത്രിയുടെ ഈ വാക്കുകൾ ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്‍റെയും കാതുകളിൽ ഇന്നും മുഴങ്ങുന്നുണ്ട്. എന്നാൽ, 2026-ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ചരിത്ര വിജയം കുറിച്ചപ്പോൾ അതേ ശാസ്ത്രിക്ക് കമന്‍ററി ബോക്സിൽ സംഭവിച്ച പിഴവ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്ന നിർണ്ണായക നിമിഷം. അഭിഷേക് ശർമ്മയുടെ പന്തിൽ കിവി താരം ജേക്കബ് ഡഫി പുറത്തായപ്പോൾ, ഒമ്പതാം വിക്കറ്റ് വീണു എന്നായിരുന്നു ശാസ്ത്രി ആവേശത്തോടെ വിളിച്ചുപറഞ്ഞത്. എന്നാൽ യഥാർത്ഥത്തിൽ അത് പത്താമത്തെ വിക്കറ്റായിരുന്നു. കളി അവസാനിച്ചുവെന്നും ഇന്ത്യ ലോകകിരീടം നേടിയെന്നുമുള്ള കാര്യം നിമിഷങ്ങൾ വൈകിയാണ് ശാസ്ത്രി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹം തെറ്റ് തിരുത്തി. എല്ലാം കഴിഞ്ഞിരിക്കുന്നു, ഇന്ത്യ മൂന്നാം തവണയും ലോകകപ്പ് നേടിയിരിക്കുന്നു, എന്ന് അദ്ദേഹം തിരുത്തി പറഞ്ഞെങ്കിലും, ആ ചരിത്ര നിമിഷത്തിന്‍റെ ആവേശം ശാസ്ത്രിയുടെ പിഴവിൽ അൽപം മങ്ങിപ്പോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

ലോകകപ്പ് ഫൈനലിലെ അവസാന നിമിഷങ്ങൾ കമന്‍ററിയിലൂടെ അവിസ്മരണീയമാക്കുന്നതിൽ ശാസ്ത്രി പരാജയപ്പെട്ടുവെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 2011-ലെ ആ ഐതിഹാസിക കമന്‍ററിയുമായി താരതമ്യം ചെയ്യുമ്പോൾ 2026-ലേത് തികച്ചും നിരാശാജനകമായിപ്പോയി എന്നാണ് പൊതുവെയുള്ള അഭിപ്രായം.

Scroll to load tweet…

കമന്‍ററിയിലെ നിരാശക്കിടയിലും റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്താണ് ഇന്ത്യ മൂന്നാം തവണയും ലോകകപ്പില്‍ മുത്തമിട്ടത്. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തം മണ്ണിൽ ടി20 ലോകകപ്പ് ഉയർത്തുന്ന ആദ്യ ആതിഥേയരെന്ന നേട്ടവും ഇന്ത്യ ഇന്നലെ അഹമ്മദാബാദില്‍ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യ നേടുന്ന മൂന്നാമത്തെ ഐസിസി കിരീടമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക