മലപ്പുറം: വളാഞ്ചേരിയില്‍ വാഹന മോഷണ സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് യുവാക്കളാണ് പിടിയിലായത്. മോഷ്ട്ടിക്കുന്ന വാഹനങ്ങള്‍ മണല്‍ കടത്ത് സംഘത്തിനാണ് കൈമാറിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശികളായ വടക്കേക്കര മുഹമ്മദ് ആസിഫ്, അരീക്കല്‍ വിപിന്‍, കുറ്റിയാട്ടില്‍പറമ്പില്‍ മുസ്തഫ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ആസിഫും വിപിനും ചേര്‍ന്ന് വാഹനങ്ങള്‍ മോഷ്ടിക്കും. തുച്ഛമായ വിലക്ക് വാഹനങ്ങള്‍ മുസ്തഫക്ക് വില്‍ക്കും. മണല്‍ കടത്ത് സംഘങ്ങളുമായി ബന്ധമുള്ള മുസ്തഫ ഈ വാഹനങ്ങള്‍ മണല്‍ മാഫിയക്ക് നൽകും. ഇതാണ് മോഷണ സംഘത്തിന്റ രീതി.

കഴിഞ്ഞ വർഷം മെയ് മാസത്തില്‍ വളാഞ്ചേരിയിൽ നിന്നും ഇവര്‍ ഗുഡ്‌സ് ഓട്ടോ മോഷ്ടിച്ചിരുന്നു. ഈ വാഹനം മണല്‍കടത്ത് സംഘം മാസങ്ങളോളം കടത്തിന് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. ഈ വാഹനം മണൽ മാഫിയ പിന്നീട് പൊളിച്ച് വില്‍ക്കുകയും ചെയ്തു. സമാനമായ രീതിയില്‍ പ്രതികള്‍ തൃത്താലയടക്കം നിരവധി സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. മണല്‍ കടത്ത് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.