ബെംഗളൂരു: വീടുകളിലും അപ്പാർട്ട്മെന്റുകളിലും മാരകായുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന സംഘം പിടിയില്‍. മുഖം മൂടി ധരിച്ച് വീടുകളിലെത്തി കാളിങ് ബെൽ അമർത്തുന്ന ഇവര്‍ വാതിൽ തുറക്കുമ്പോള്‍ വീട്ടിലുള്ളവരെ കത്തിമുനയിൽ നിർത്തിയാണ് കവർച്ച നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മാത്യു(20), സോളമൻ(19),ദീപക് വർമ്മ (24) എന്നിവരാണ് അറസ്റ്റിലായത്. മടിവാള പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

മടിവാളയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ കവർച്ചയോടെയാണ് സംഘം പിടിയിലായത്. രാത്രി പത്തു മണിയോടെ യുവാക്കൾ മാത്രം താമസിക്കുന്ന ഒരു വീട്ടിലെത്തിയ സംഘം വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തി 20000 രൂപയും മൊബൈൽഫോൺ, വാച്ചുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വസ്തുക്കളുമെടുത്ത് കടന്നുകളയുകയായിരുന്നു. യുവാക്കൾ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പിന്നീട് സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

Read More: എടിഎം മെഷീൻ കുത്തിത്തുറന്ന് 2.75 ലക്ഷം രൂപ കൊള്ളയടിച്ചു

വീട്ടിലുണ്ടായിരുന്ന യുവാക്കളിലൊരാൾ അക്രമികളെത്തുന്നതിനു തൊട്ടുമുൻപാണ് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് വീട്ടിലെത്തിയത്. ഇത് മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവാമെന്നാണ് പൊലീസ് പറയുന്നത്. സംഭവ ദിവസം സംഘം ഇതേ പരിസരത്തുള്ള മറ്റു രണ്ടു വീടുകളിലുമെത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതായും  പൊലീസ് പറയുന്നു.