ബെംഗളൂരു: ബെംഗളൂരുവിൽ എടിഎം കൊള്ളയടിച്ച്  2.75 ലക്ഷം രൂപ കവർന്നു. ബിഡദി ഇൻഡസ്ട്രിയൽ ഏരിയയ്ക്കു സമീപം ഐഡിബിഐ ബാങ്കിന്‍റെ എടിഎമ്മില്‍ നിന്നാണ് പണം കവര്‍ന്നത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം. എടിഎം കേന്ദ്രത്തിലെത്തിയ മുഖം മൂടി ധരിച്ച രണ്ടംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ കുത്തിതുറക്കുകയും പണം കൊള്ളയടിക്കുകയുമായിരുന്നു. സുരക്ഷാജീവനക്കാരന്റെ അഭാവത്തിലാണ് സംഘം മോഷണം നടത്തിയത്.

എംടിഎം കേന്ദ്രത്തിനകത്തെ സിസിടിവികൾ തകർത്ത ശേഷമാണ് മോഷണം നടത്തിയതെങ്കിലും റോഡിനു സമീപമുള്ള സിസിടിവിയിൽ നിന്ന് മോഷ്ടാക്കൾ കാറിൽ വന്നിറങ്ങുന്നതും ആദ്യം ചുറ്റുപാടും പരിശോധിച്ചശേഷം കാറിൽ നിന്ന് കട്ടറുമായി തിരിച്ചെത്തുന്നതുമായ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

Read More: ഓട്ടിസം ബാധിച്ച 8 വയസുകാരനെ കൊടുംതണുപ്പില്‍ ഉപേക്ഷിച്ചു; പൊലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍

ഐഡിബിഐ ബാങ്ക് ബിഡദി ബ്രാഞ്ച് ഹെഡ്  സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. മുൻപ് സുരക്ഷാജീവനക്കാരനെ നിയമിച്ചിരുന്നെങ്കിലും കുറച്ചുകാലമായി പ്രസ്തുത എടിഎം കേന്ദ്രത്തിൽ സുരക്ഷാജീവനക്കാരില്ലായിരുന്നുവെന്നും ബാങ്ക് അധികൃതരോട് ഇക്കാര്യം ബോധിപ്പിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ബ്രാഞ്ച് മേധാവി പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.