കിഴുത്താണിയിൽ വീട്ടുവാടകയെ ചൊല്ലിയുള്ള സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ ബന്ധുവിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു, തിരുവനന്തപുരം തിരുവല്ലത്ത് അയൽവാസി യുവതിയെ തലക്കടിച്ച് കൊന്നു.
തിരുവനന്തപുരം: ഓണനാളിൽ നാടിനെ നടുക്കി മൂന്ന് കൊലപാതകങ്ങൾ, തൃശ്ശൂരിൽ കൊല്ലപ്പെട്ടത് രണ്ട് പേർ, കിഴുത്താണിയിൽ വീട്ടുവാടകയെ ചൊല്ലിയുള്ള സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ ബന്ധുവിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു, തിരുവനന്തപുരം തിരുവല്ലത്ത് അയൽവാസി യുവതിയെ തലക്കടിച്ച് കൊന്നു.
തിരുവോണദിനത്തിൽ തൃശ്ശൂരിൽ രണ്ടിടത്ത് കൊലപാതകങ്ങൾ.വീട്ട് വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടന്ന് കിഴുത്താണിയിൽ യുവാവ് കൊല്ലപ്പെട്ടു. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. വീട്ടുടമ ലോറൻസ് ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരൻ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ബന്ധു അനൂപിനെ പിടികൂടി.
മാസങ്ങളായി വീട്ട് വാടക നൽകാത്തതിനെത്തുടന്ന് സൂരജും വീട്ടുടമ ലോറൻസും തമ്മിൽ തർക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുടമയും കുടുംബവും വാടകക്കാരെ ഇറക്കിവിട്ട് വീട്ടിൽ താമസിക്കാനെത്തി.തർക്കം പരിധി വിട്ടതോടെ ഇരുന്പ് വടിയും മരപ്പലകയും ഉപയോഗിച്ച് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജും അച്ഛൻ ശശിധരനും സഹോദരൻ സ്വരൂപും തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് സൂരജ് മരിച്ചത്.
സംഭവത്തിൽ വീട്ടുടമ ലോറൻസ് , ഭാര്യ സിന്ധു, ലോറൻസിന്റെ സഹോദരൻ ഷാജു, ഭാര്യ രഞ്ജിനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നിയിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെത്തുടന്ന് 52 കാരനായ സുരേഷ് കുത്തേറ്റ് മരിച്ചു. കുടുംബപ്രശ്നത്തെത്തുടന്ന് സുരേഷും ,സുരേഷിന്റെ ചെറിയച്ഛന്റെ മകൻ അനുപും തമ്മിൽ തർക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ മദ്യപിച്ചെത്തിയ അനൂപ് വഴക്കുണ്ടാക്കിയിരുന്നു. രാവിലെ അനൂപിനോട് സംസാരിക്കാൻ പോയ സുരേഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവല്ലം സ്വദേശി രാജിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അയൽവാസിയും ബന്ധുവുമായ ഗിരീഷനാണ് രാജിയെ ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവീട്ടുകാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാജിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
