മയക്കുമരുന്ന് ഇടപാടുമായി ബന്ധപെട്ട് ബംഗളൂരു പൊലീസിന് ഒറ്റിക്കൊടുത്തുവെന്ന വിരോധത്തിലായിരുന്നു അക്രമം.

തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റില്‍. പനങ്ങാട്ടുകര കോണിപറമ്പില്‍ വീട് സുമേഷ് (29), തെക്കുംകര ചെമ്പ്രാങ്ങോട്ടില്‍ അടങ്ങളം നിജു (42), തെക്കുംകര ഞാറശേരി വളപ്പില്‍ വീട് സോംജിത്ത് (25) എന്നിവരാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശി ഉണ്ണി സുരേഷിനെയാണ് ഇവര്‍ ബംഗളൂരുവില്‍ നിന്നും തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് കല്ലംമ്പാറയിലെ ഒഴിഞ്ഞ വീട്ടില്‍ തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വീട്ടുക്കാര്‍ക്കയച്ചു കൊടുത്ത് ഒരു ലക്ഷം രൂപയും ഫോണും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മയക്കുമരുന്ന്, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സുമേഷിനെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപെട്ട് ബംഗളൂരു പൊലീസിന് ഒറ്റിക്കൊടുത്തുവെന്ന വിരോധത്തിലായിരുന്നു അക്രമം. ഒഴിഞ്ഞ വീട്ടില്‍ രണ്ടു ദിവസത്തോളം തടങ്കലില്‍ വച്ചു. പണം കിട്ടിയശേഷം തൃശൂരില്‍നിന്നും ബംഗളൂരുവിലേക്ക് പോകും വഴി കോയമ്പത്തൂരില്‍ വച്ച് സംഘത്തില്‍ നിന്നു രക്ഷപ്പെട്ട ഉണ്ണി സുരേഷ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സുമേഷ് വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ നിന്നും മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലും പ്രതിയായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഉണ്ണിയെ സുരേഷിനെ തട്ടികൊണ്ടുപോയത്. കോട്ടയം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. അക്രമികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുമായി ബന്ധപ്പെട്ടു മയക്കു മരുന്ന് കച്ചവടം നടത്തുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. എസ്.എച്ച്.ഒ. കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ആനന്ദ്, സാബു തോമസ്, എ.എസ്.ഐ രാജകുമാരന്‍, സി.പി.ഒമാരായ മനു, അനുരാജ്, വിജീഷ് എന്നിവരുമുണ്ടായി.

വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്, അധ്യാപികയുടെ മൊഴിയെടുക്കും

YouTube video player