മാഞ്ഞാലി സ്വദേശി സുനീര്‍, വടക്കേക്കര സ്വദേശി യദുകൃഷ്ണ, ഞാറക്കല്‍  സ്വദേശി ജൂഡ് ജോസഫ് എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെന്‍ട്രല്‍ ജയിലിലടച്ചത്.

കൊച്ചി: എറണാകുളം റൂറൽ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി സ്വദേശി സുനീര്‍, വടക്കേക്കര സ്വദേശി യദുകൃഷ്ണ, ഞാറക്കല്‍ സ്വദേശി ജൂഡ് ജോസഫ് എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെന്‍ട്രല്‍ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, വിശ്വാസ വഞ്ചന മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് ജൂഡ് ജോസഫ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലയിൽ ഇതുവരെ 57 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു, 35 പേരെ നാട് കടത്തി. എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായുള്ള നടപടികള്‍ ശക്തമായി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ അറിയിച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, കാപ്പ ചുമത്തിയതോടെ നാട് വിട്ടു; യുവാവിനെ പൊക്കി പൊലീസ്

ആലപ്പുഴ ജില്ലയില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു. വള്ളികുന്നം കടുവിനാൽ ഷീലാലയത്തിൽ സഞ്ചുവിനെ (സച്ചു–30) ആണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. 2015 മുതൽ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

കൊലപാതക ശ്രമം, സംഘം ചേർന്നുള്ള ആക്രമണം, വീട് കയറി അക്രമം, ലഹരി മരുന്ന് കച്ചവടം തുടങ്ങി ഒട്ടേറെ കേസുകളില്‍ പലതവണ പ്രതിയായിട്ടുണ്ട് സഞ്ചു. വള്ളികുന്നം, നൂറനാട് കുറത്തിക്കാട്, മലപ്പുറം ജില്ലയിലെ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ കേസുകളിലും നൂറനാട് എക്സൈസ് കേസിലും ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിൽ കാപ്പ ചുമത്തിയപ്പോൾ നാടുവിട്ട പ്രതി മലപ്പുറം വളാഞ്ചേരിയിൽ ഒരു കൊലപാതകശ്രമകേസിൽ മലപ്പുറം പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് അവിടെ നിന്നും കഴിഞ്ഞ ദിവസം വള്ളികുന്നം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. 

സ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുള്ളതായും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കുന്നതിന് റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവൻ അറിയിച്ചു. എസ്ഐ ഗോപകുമാർ സിപിഒമാരായ ജിഷ്ണു, ലാൽ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.