കൊല്ലം: അഞ്ചലില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലെ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 

അഞ്ചല്‍ നെടിയറ സ്വദേശി ഉന്‍മേഷ്, കുരുവിക്കോണം സ്വദേശി അനീഷ്, പാണയം സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. അഖിലിനെതിരെയുളള പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു ആക്രമണം. എസ്‌ഐ സജീര്‍, സിവില്‍ പൊലീസ് ഓഫിസര്‍ അനൂപ് എന്നിവരെ അഖിലും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.