കൊച്ചി: ഒന്നര കിലോ കഞ്ചാവുമായി കൊച്ചിയിൽ മൂന്നം​ഗ സംഘം പിടിയിൽ. സൗത്ത് പുതുവൈപ്പ് സ്വദേശികളായ രാഹുൽ ടി എസ്, നഹാസ് പി എസ്, വിനീഷ് നായർ എന്നിവരെയാണ് കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുതുവൈപ്പിൻ പ്രിയദർശനി റോഡിലുള്ള വീട് കേന്ദ്രമാക്കിയാണ് മൂന്നംഗ സംഘം കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

ഓണക്കാലത്ത് വിറ്റഴിക്കാനായി പ്രതികൾ തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടന്ന് എക്സൈസ് ഇവർ താമസിച്ചിരുന്ന വീട്ടിൽ റെയ്ഡ് നടത്തി സാധനം കണ്ടെത്തുകയായിരുന്നു. ഇരുപത് കിലോ കഞ്ചാവ് കൈവശമുണ്ടായിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇത് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ പല ഭാഗങ്ങളിലായി വിറ്റഴിച്ചു.

കഞ്ചാവ് ആവശ്യക്കാർക്കെത്തിക്കാൻ പ്ലസ്ടു വിദ്യാർത്ഥികളെ സംഘം ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ഞാറക്കൽ കോടതിയിൽ ഹാജരാക്കി. ഓണവിപണി ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് വിവരം. ഈ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും എക്സൈസ് പരിശോധന നടത്തും.