'തീരാ പക', പുതുച്ചേരിയിൽ കുപ്രസിദ്ധ ഗുണ്ടയുടെ മകനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു, 4 പേർ അറസ്റ്റിൽ
രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരാളെ പൊലീസിലെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതുച്ചേരി: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ പുതുച്ചേരിയിൽ ഗുണ്ടാസംഘ തലവന്റെ മകൻ ഉൾപ്പെടെ 3 യുവാക്കളെ എതിർ സംഘത്തിൽപ്പെട്ടവർ വെട്ടിക്കൊന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2008ൽ കൊലചെയ്യപ്പെട്ട കുപ്രസിദ്ധ ഗുണ്ട ദേശ്സ്ഥാന്റെ മകൻ അടക്കം മൂന്ന് പേരെയാണ് ബുധനാഴ്ച രാവിലെ ഗുരുതര പരിക്കോടെ റെയിൻബോ നഗറിലെ ഒഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. മുതിയാൽപേട്ട് പൊലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും കഴുത്തും അടക്കം ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു യുവാക്കളെ കണ്ടെത്തിയത്.
25കാരനായ ഡി റിഷിദ്, തിഡിർ നഗർ സ്വദേശിയായ 25കാരൻ എസ് പനീർ ദേവ, ജെജെ നഗർ സ്വദേശിയായ 24കാരൻ ആദി എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നാല് പേർ അറസ്റ്റിലായിട്ടുള്ളത്. കൊല്ലപ്പെട്ട യുവാക്കളിൽ റിഷിദിന്റെ പിതാവ് പുതുച്ചേരിയെ വിറപ്പിച്ച ഗുണ്ടാ നേതാവായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന കുടിപ്പകയുടെ തുടര്‍ച്ചയായിരുന്നു മൂന്നുപേരുടെ കൊലപാതകത്തിലും കലാശിച്ചത്. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരാളെ പൊലീസിലെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡിഐജി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് അന്വേണഷത്തിന് നേതൃത്വം നല്‍കുന്നത്. അന്വേഷണത്തിൽ ടിവി നഗറിലെ ഗുണ്ടയായ സത്യയുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. 2008ൽ എതിർ സംഘത്തിന്റെ ആക്രമണത്തിൽ ദേശ്സ്ഥാൻ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ പരസ്പരമുള്ള ആക്രമണങ്ങളും തുടർക്കഥയായിരുന്നു. ഇതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നു പൊലീസ് വിശദമാക്കുന്നത്. മരിച്ച 3 യുവാക്കളും പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
