തൃശൂർ: ഉയര്‍ന്ന വനിത ഐപിഎസ് പൊലീസ് ഉദ്യോഗസ്ഥരെയും വനിത സിവില്‍ പൊലീസുകാരെയും നിരന്തരം ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും പറയുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം തുമ്പ മരിയൻ എൻജിനീയറിങ് കോളജിനു സമീപം പുറമ്പോക്കിൽ ജോസ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് 29 വയസുണ്ട്. വനിത പൊലീസുകാരുടെ മൊബൈൽ സംഘടിപ്പിച്ച് വാട്ട്സ്ആപ്പിലേക്കും മറ്റും അശ്ലീല വിഡിയോകൾ അയച്ചു നൽകുന്നതും ഇയാളുടെ സ്ഥിരം പണിയായിരുന്നു. 

സിറ്റി വനിത സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു ആരോ നിരന്തരം വിളിച്ച് അസഭ്യം പറയുന്നതായി സിവിൽ പൊലീസ് ഓഫിസർമാർ പരാതി പറഞ്ഞിരുന്നു. വനിത പൊലീസുകാര്‍ ഫോൺ എടുക്കുമ്പോൾ മാത്രമേ അശ്ലീല സംഭാഷണമുള്ളൂ. പുരുഷ പൊലീസുകാരാണ് ഫോണെടുക്കുന്നതെങ്കിൽ അവരോട് കേട്ടാലറയ്ക്കുന്ന അസഭ്യംവിളിയാകും പ്രതികരണം. 

എസിപിയുടെ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും ഐപിഎസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ ഫോണിലേക്ക് അശ്ലീലവിളി എത്തുന്നതായി മനസിലായി. പൊലീസ് ഡയറിയിൽ നിന്നും മറ്റും വിവിധ പൊലീസ് സ്റ്റേഷന‍ുകളിലെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു നോക്കുകയാണ് ഇയാളുടെ രീതി. 

എടുക്കുന്നത് വനിതാ പൊലീസുകാരാണെങ്കിൽ അവരോട് അശ്ലീലം പറയും. പിങ്ക് പൊലീസ്, വനിതാ സ്റ്റേഷൻ, വനിത സെൽ തുടങ്ങിയ നമ്പറുകളിലേക്കും ഇയാൾ ഫോൺവിളിച്ചിരുന്നു. വനിതാ ഐപിഎസുകാരുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് അശ്ലീല വിഡിയോകൾ അയച്ച സംഭവവുമുണ്ടായി.വർഷങ്ങൾക്കു മുൻപ് ഒളിഞ്ഞു നോട്ടത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് ഇയാൾ തെറിവിളി തുടങ്ങിയത്.