Asianet News MalayalamAsianet News Malayalam

നിമിഷങ്ങള്‍ മാത്രം, പട്ടാപ്പകല്‍ അടിച്ചുമാറ്റിയത് രണ്ടുലക്ഷം രൂപ; 'വിദ്യാര്‍ഥികളെ' പിടികൂടിയത് സാഹസികമായി

എറണാകുളത്തു നിന്ന് ബസില്‍ തൃശൂരിലെത്തിയ സംഘം നിരവധി സ്ഥാപനങ്ങളില്‍ മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

thrissur printing shop robbery case three arrested joy
Author
First Published Dec 27, 2023, 10:37 PM IST

തൃശൂര്‍: അരിയങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ അന്തര്‍ ജില്ലാ മോഷണസംഘത്തിലെ മൂന്നുപേരെ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പില്‍ അലന്‍ തോമസ് (22), ഈരാട്ടുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടില്‍ അമല്‍ ജോര്‍ജ് (22), എരട്ടേല്‍ വീട്ടില്‍ അശ്വിന്‍ (19) എന്നിവരാണ് പിടിയിലായത്. 

വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 17ന് പകല്‍ അരിയങ്ങാടിയിലെ പ്രമുഖ പ്രിന്റിങ്ങ് സ്ഥാപനത്തിന്റെ ഓഫീസിലെ മേശയില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപ മോഷണം പോയ കേസിലാണ് പ്രതികള്‍ പിടിയിലായത്. സ്ഥാപനത്തിലെ തൊഴിലാളികളും ഓഫീസ് ജീവനക്കാരും തൊട്ടടുത്തുള്ള അവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് പോയ സമയത്താണ് പ്രതികള്‍ അകത്തു കയറി മോഷണം നടത്തിയത്. എറണാകുളത്തു നിന്ന് ബസില്‍ തൃശൂരിലെത്തിയ സംഘം നിരവധി സ്ഥാപനങ്ങളില്‍ മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് അരിയങ്ങാടിയിലെത്തിയ സംഘം വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കറങ്ങി നടന്ന് ഒടുവില്‍ പാതി പൂട്ടിക്കിടക്കുകയായിരുന്ന പ്രിന്റിങ്ങ് സ്ഥാപനത്തില്‍ കയറി ഓഫീസിലെ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷത്തോളം രൂപ മോഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് തൃശൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ബംഗളൂരുവിലേക്ക് രക്ഷപ്പെട്ട സംഘം വിദ്യാര്‍ഥികള്‍ എന്ന വ്യാജേന അവിടെ മുറിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. മോഷണം നടന്ന വിവരം അറിഞ്ഞ ഉടനെ ഇത്തരത്തില്‍ മോഷണം നടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. സൂചന ലഭിച്ചതോടെ സിറ്റി ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ വളരെ സാഹസികമായാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സ്ഥിരമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ്. ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും ആഢംബര ജീവിതത്തിനും വേണ്ടിയാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്. ഇവരില്‍നിന്നും വില പിടിപ്പുള്ള ആറോളം മൊബൈല്‍ ഫോണുകളും പതിനായിരങ്ങള്‍ വില വരുന്ന ആഢംബരവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തൃശൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഘോഷയാത്രയ്ക്ക് നേരെ മലിന ജലമൊഴിച്ചു, സംഘര്‍ഷാവസ്ഥ; അഞ്ച് പേര്‍ക്കെതിരെ കേസ് 
 

Latest Videos
Follow Us:
Download App:
  • android
  • ios