നോയിഡ: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ടിക് ടോക്  സുഹൃത്തായ യുവാവ് അറസ്റ്റില്‍. നോയിഡയിലെ ഹോട്ടല്‍ ജീവനക്കാരനായ രാഘവ്കുമാറിനെയാണ്(25) പൊലീസ് അറസ്റ്റ് ചെയ്തത്.

ഗ്രേറ്റര്‍ നോയിഡയിലെ അരിഹാന്ത് ഗാര്‍ഡന്‍ സൊസൈറ്റിയിലെ ഫ്ലാറ്റില്‍ നീരജ ചൗഹാന്‍ എന്ന 49കാരിയായ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഫ്ലാറ്റിലെത്തിയ മകന്‍ അമ്മയെ വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ ഫ്ലാറ്റിന്‍റെ വാതില്‍ പൊളിച്ച് അകത്ത് കയറി. മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

ടിക് ടോകിലൂടെ രണ്ടരവര്‍ഷമായി പരിചയമുണ്ടായിരുന്ന ഇവര്‍ നിരന്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും അതുവഴി അടുപ്പത്തിലാവുകയുമായിരുന്നു. രാഘവ് കുമാര്‍ നീരജയോട് പണം ആവശ്യപ്പെടുമായിരുന്നു. ആദ്യത്തെ തവണ നീരജ പണം നല്‍കിയെങ്കിലും പിന്നീട് പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതാണ് രാഘവ് കുമാറിനെ പ്രകോപിപ്പിച്ചത്. 

രാഘവ്കുമാര്‍ നീരജയുടെ ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതിന്‍റെയുംം മടങ്ങുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ പ്രതി താക്കോലും വീട്ടമ്മയുടെ മൊബൈല്‍ ഫോണുമായി കടന്നുകളയുകയായിരുന്നു. വീട്ടമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമെ വ്യക്തമായ വിവരം ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു.