തിരുനെല്‍വേലി: മൊബൈല്‍ ഫോണും സ്വര്‍ണമാലയും മേടിക്കാന്‍ നവജാതശിശുവിനെ വിറ്റ പിതാവ് പിടിയില്‍. 1.8 ലക്ഷം രൂപയ്ക്കാണ് ഇരട്ടക്കുട്ടികളിലെ പെണ്‍കുഞ്ഞിനെ തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ യുവാവ് വിറ്റത്. ബുധനാഴ്ചയാണ് മുപ്പത്തെട്ടുകാരനായ യെസൂരുദ്യരാജ് ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ വിറ്റത്. 

വിറ്റുകിട്ടിയ പണം കൊണ്ട് മകന് സ്വര്‍ണമാലയും തനിക്ക് മൊബൈല്‍ ഫോണും വാങ്ങിയ ഇയാളും ഇടനിലക്കാരനും പൊലീസ് പിടിയിലായി. വിക്രമസിംഗപുരത്തുള്ള അരുംഗംപെട്ടി ഗ്രാമത്തിലെ  യെസൂരുദ്യരാജിനും പുഷ്പലതക്കും കഴിഞ്ഞ എട്ടാം തിയതിയാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. ഒരു പെണ്‍കുഞ്ഞ് കൂടി ജനിച്ചതില്‍ ഇയാള്‍ അസംതൃപ്തനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനാലാണ് ആണ്‍കുട്ടിയെ വളര്‍ത്താനും പെണ്‍കുട്ടിയെ വില്‍ക്കാനും ഇയാള്‍ തീരുമാനിച്ചതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. 

നവജാത ശിശുവിന്‍റെ വില്‍പനയുമായി ബന്ധപ്പെട്ട് മൂന്ന് ഇടനിലക്കാരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സെല്‍വന്‍, നെല്ലൈപ്പര്‍, കണ്ണന്‍ എന്നീ ഇടനിലക്കാര്‍ ചേര്‍ന്നാണ് തിരുനെല്‍വേലിയിലുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് അനധികൃതമായി കുട്ടിയെ ദത്ത് നല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. ഒരുലക്ഷം രൂപ കുഞ്ഞിന്‍റെ പിതാവിനും എണ്‍പതിനായിരം രൂപ ഇടനിലക്കാര്‍ക്കും എന്ന ഉറപ്പിലായിരുന്നു നവജാത ശിശുവിന്‍റെ വില്‍പന. 

എന്നാല്‍ കുട്ടിയെ വില്‍ക്കാനുള്ള പദ്ധതിയേക്കുറിച്ച് പുഷ്പലതക്ക് അറിവുണ്ടായിരുന്നില്ല. ആണ്‍കുഞ്ഞിന് സ്വര്‍ണമാലയും മൊബൈല്‍ ഫോണും വാങ്ങിയെത്തി പണം കിട്ടിയത് മോട്ടോര്‍ ബൈക്കും സൈക്കിളും പണയം വച്ചാണ് മാലക്കായുള്ള പണം കണ്ടെത്തിയതെന്നാണ് യെസൂരുദ്യരാജ് ഭാര്യയോട് പറഞ്ഞത്. നവംബര്‍ 18നായിരുന്നു ശിശുവില്‍പന നടന്നത്.  

എന്നാല്‍ കുട്ടിയെ പുഷ്പലത അന്വേഷിക്കാന്‍ തുടങ്ങിയതും കുത്തിവയ്പിനായി ആശുപത്രി അധികൃതര്‍ കുട്ടിയെ തേടുകയും ചെയ്തതോടെയാണ് ശിശുവില്‍പനയെക്കുറിച്ച് പുറത്ത് അറിയുന്നത്. കുട്ടിയെ കാണാതായതിനേ തുടര്‍ന്ന് ഭാര്യയുമായി യെസൂരുദ്യരാജ്  ആശുപത്രിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ വിറ്റ കാര്യങ്ങള്‍ വ്യക്തമാവുകയും. വിറ്റ പെണ്‍കുട്ടിയെ ദത്തുനല്‍കുന്ന ഏജന്‍സിയിലേക്ക് ഏല്‍പ്പിച്ചു.

ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. തട്ടിക്കൊണ്ട് പോകല്‍, വഞ്ചന, ഗൂഢാലോചന, തുടങ്ങിയ ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.