കോഴിക്കോട്: തിരുവമ്പാടിയില്‍ അവശ്യ സര്‍വീസിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ മൂന്നംഗസംഘം പിടിയില്‍. പാല്‍ വണ്ടിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയവരെയാണ് തിരുവമ്പാടി പൊലീസ് പിടി കൂടിയത്. കോഴിക്കോട് രാമനാട്ടുകരയിലെ അയിക്കരപ്പടിയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പാക്കറ്റ് പാല്‍ കൊണ്ടുവന്ന വാഹനത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി മരിക്കാട്ടേരിയില്‍ വച്ച് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് 50 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന തൃശൂര്‍ മേലൂര്‍ സ്വദേശി അമല്‍ മോണ്‍സന്‍, ഇടുക്കി ഇടിഞ്ഞ മല സ്വദേശി റോബിന്‍ സ്റ്റീഫന്‍, ബൈക്കില്‍ ഇവരെ അനുഗമിച്ച തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശി സന്തോഷ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പാല്‍വിതരണം അവശ്യ സേവനങ്ങളുടെ പട്ടികയിലായതിനാല്‍ പരിശോധനയില്‍ ഇളവുണ്ടാകുമെന്ന കണ്ടാണ് പുകയില ഉത്പന്നങ്ങള്‍ കടത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. വാഹനം സഞ്ചരിച്ച വഴിയില്‍ പലയിടത്തായി ഇവര്‍ പുകയില ഉത്പന്നങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇവര്‍ ആദ്യമായല്ല ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കടത്തുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു.