ബുലന്ദ്ഷെഹര്‍ (ഉത്തര്‍ പ്രദേശ്): ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടു മരിച്ചു. ബുള്ളറ്റിലെത്തിയ രണ്ട് പേര്‍ ശല്യം ചെയ്യുന്നതിനിടയിലാണ് അപകടമെന്നാണ് വീട്ടുകാരുടെ പരാതി. 2018ലെ പ്ലസ്ടു പരീക്ഷയില്‍ 98 ശതമാനം മാര്‍ക്കോടെ പാസായി അമേരിക്കയില്‍ ഉന്നത പഠനം നടത്തുന്ന സുദീക്ഷ ഭാട്ടി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. 

സുദീക്ഷയ്ക്കൊപ്പെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റു. എന്നാല്‍ സംഭവം ബൈക്കപകടമാണെന്നും പെണ്‍കുട്ടിയെ ആരും ശല്യം ചെയ്തതായി ബന്ധുക്കള്‍ ആദ്യം പരാതിപ്പെട്ടിരുന്നില്ലെന്നാണ്  ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷെഹര്‍ പൊലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടിയെ പിന്നാലെയെത്തിയ ബുള്ളറ്റിലെ യുവാവ് ശല്യം ചെയ്യാന്‍ ശ്രമിച്ചതായും  ഇവരെ അവഗണിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് അപകടമുണ്ടായി പെണ്‍കുട്ടി റോഡില്‍ വീഴുകയായിരുന്നെന്നാണ് കുടുംബം പരാതിപ്പെടുന്നത്. 

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നതെന്ന് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.  മസാച്യുസെറ്റ്സിലെ ബാബ്സണ്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ സുദീക്ഷ കൊവിഡ് വ്യാപനത്തിന് പിന്നാലെ ജൂണിലാണ് തിരികെ ബുലന്ദ്ഷെഹറിലെത്തിയത്. ഓഗസ്റ്റില്‍ തിരിച്ച് പോകാനിരിക്കെയാണ് ദാരുണാന്ത്യം. പഠിച്ച സ്കൂളില്‍ നിന്ന് ചില രേഖരള്‍ മേടിക്കുന്നതിനായി പോയി മടങ്ങുന്നതിനിടെയാണ് അപകടം. 

ബുള്ളറ്റിലെത്തിയ രണ്ട് പേര്‍ സുദീക്ഷയെ ശല്യം ചെയ്തുവെന്നും കമന്‍റടിച്ചും അലക്ഷ്യമായി ബൈക്ക് ഓടിച്ചും തങ്ങളുടെ ബൈക്കിന് കുറുകെ വരികയായിരുന്നുവെന്നാണ് സുദീക്ഷയുടെ ബന്ധുവായ ഓംകാര്‍ ഭാട്ടി എന്‍ടി ടിവിയോട് പ്രതികരിക്കുന്നത്. നിരവധി തവണ തങ്ങളുടെ ബൈക്ക് അപകടത്തില്‍പ്പെടുന്ന രീതിയില്‍ ബുള്ളറ്റിലെത്തിയവര്‍ ബ്രേക്ക് പിടിച്ചെന്നും ബന്ധു ആരോപിക്കുന്നു.