രണ്ടുപേരെ മേലാൽ മറ്റൊരു സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് കർശനനിർദേശവുമുണ്ട്. ആകെ പതിനൊന്നു പേർക്കെതിരെയാണ് നടപടി.

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴിയുളള കളളക്കടത്തിന് ഒത്താശ ചെയ്ത ഒൻപത് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ടുപേരെ മേലാൽ മറ്റൊരു സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് കർശനനിർദേശവുമുണ്ട്. ആകെ പതിനൊന്നു പേർക്കെതിരെയാണ് നടപടി.

സ്വർണമടക്കം കരിപ്പൂർ വിമാനത്താവളം വഴിയുളള കളളക്കടത്ത് ഇടപാടുകൾക്ക് 11 കസംറ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. കളളക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡി ആർ ഐയും ഉദ്യോഗസ്ഥ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും അന്വേഷണം നടത്തിയിരുന്നു. ഇവ‍ർകൂടി നൽകിയ റിപ്പോർട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തി വകുപ്പുതല നടപടി. 

കസ്റ്റംസ് സൂപ്രണ്ടുമാരായ ആഷ എസ്, ഗണപതിപോറ്റി എന്നിവർക്കെതിരെയാണ് കർശന നടപടിയുളളത്. സർവ്വീസിൽ നിന്ന് പുറത്താക്കിയെന്നു മാത്രമല്ല മറ്റൊരു സർക്കാർ ജോലിയിൽ ഇരുവരേയും പ്രവേശിപ്പിക്കരുതെന്ന് കർശന നിർദേശവുമുണ്ട്. കളളക്കടത്തിലും അഴിമതിയിലും ഇരുവരുടെയും പങ്കാളിത്തം വ്യക്തമായ സാഹചര്യത്തിലാണിത്. ഇൻസ്പെക്ടർമാരായ യോഗേഷ്, യാസർ അറാഫാത്ത്, സുധീർ കുമാർ, നരേഷ് ഗുലിയ , മിനിമോൾ എന്നിവരേയും സർവീസിൽ നിന്ന് ഒഴിവാക്കി. അശോകൻ, ഫ്രാൻസീസ് എന്നീ ഹെ‍ഡ് ഹവീൽദാർമാരും പുറത്താക്കപ്പെട്ടവരിൽപ്പെടുന്നു. കസ്റ്റംസ് സൂപ്രണ്ടായ സത്യേന്ദ്ര സിംഗിന്‍റെ വാർഷിക ശമ്പള വർധനവ് രണ്ട് തവണ തടയാനും തീരുമാനമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ കസ്റ്റംസ് സൂപ്രണ്ട് കെ എം ജോസ് അടുത്തയിടെ സർവീസിൽ നിന്ന് വിരമിച്ചിരുന്നു.