ബംഗളൂരുവിൽ നിന്ന് രജീഷിന്‍റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. ബംഗളൂരുവിൽ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍: കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ജീപര്യന്തം തടവുകാരൻ ടി കെ രജീഷ് കർണ്ണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ. ബംഗളൂരുവിൽ അറസ്റ്റിലായ രണ്ട് മലയാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കബൻപാർക്ക് പൊലീസ് കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ രണ്ട് മലയാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടി കെ രജീഷിനെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. രജീഷിന്‍റെ നിർദ്ദേശ പ്രകാരമാണ് തോക്ക് കടത്തിയതെന്നാണ് മൊഴി ലഭിച്ചത്. ഇതേ തുടർന്നാണ് കബൻ പാർക്ക് പൊലീസ് കോടതിയെ സമീപിച്ച് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കാൻ ഹർജി നൽകിയത്. കോടതി ഉത്തരവുമായി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ കർണ്ണാടക പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. നിലവിൽ കബൻപാർക്ക് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. രജീഷിന്‍റെ നിർദ്ദേശ പ്രകാരം നേരത്തെ ആയുധകടത്ത് നടത്തിയിരുന്നോ എന്നതിലും പരിശോധന നടത്തുന്നുണ്ട്.
ടിപി കേസിലെ പ്രതികൾ ശിക്ഷ അനുഭവിക്കുന്നതിനിടെയിൽ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് ഇതാദ്യമല്ല. ജയിലിലിരുന്ന് ക്വട്ടേഷൻ പ്രവർത്തനവും സ്വർണ്ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിനും പ്രധാന പ്രതി കൊടി സുനിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി കിർമ്മാണി മനോജ് വയനാട്ടിലെ ലഹരി പാർട്ടിയിൽ പൊലീസ് പിടിയിലായി. ഷാഫിയെ കരിപ്പൂർ സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു ശിക്ഷാ തടവുകാരൻ കൂടി കർണ്ണാടക പൊലീസ് അന്വേഷണം നേരിടുന്നത്.

