പാലക്കാട്: മുതലമടയിൽ കിണറ്റിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപെടുത്തിയ 17കാരനെ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഈ മാസം 14നാണ് മുതലമട മൂച്ചംകുണ്ട് കോളനിയിലെ കിണറ്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 11ന് കോളനിയ്ക്ക് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടന്നിരുന്നു. അന്ന് രാത്രിയാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ച് കൊലുപ്പെടുത്തിയത്.

പെൺകുട്ടിയോട് പ്രണയം നടിച്ചിരുന്ന ബന്ധുവായ 17 കാരന്‍ സംഭവ ദിവസം രാത്രി അമ്മയും അനുജത്തിയും ക്ഷേത്രത്തിൽ പോയ തക്കം നോക്കി വീട്ടിലെത്തുകയായിരുന്നു. തുടർന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിന് 300 മീറ്റർ അകലെയുള്ള തെങ്ങിൻ തോപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ സമീപത്തുണ്ടായിരുന്ന കിണറിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കാണാതായ പെൺകുട്ടിക്കായി 17 കാരന്‍ നാട്ടുകാർക്കെപ്പം രണ്ട് ദിവസം തിരച്ചിൽ നടത്താനും പങ്കെടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി  കുറ്റം സമ്മതിച്ചു. പ്രതിക്ക് 18 വയസ് തികയാൻ രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്.