മുംബൈ: മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ ഹിന്ദി ടെലിവിഷന്‍ താരം  മുംബൈയിൽ അറസ്റ്റിലായി. നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോയാണ്​ നടിയായ പ്രീതിക ചൗഹാനെ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കോടതിയിൽ ഹാജരാക്കി​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി. 

സാവദാൻ, ദേവോ കി ദേവ്​ മഹാദേവ്​ തുടങ്ങിയ സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്​. സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ മരണത്തിന് ശേഷം ബോളിവുഡ് കേന്ദ്രീകരിച്ച് ​നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടിയുടെ അറസ്റ്റ്. 

ഇവരെ കൂടാതെ മറ്റ്​ നാല്​ പേർ കൂടി അറസ്​റ്റിലായിട്ടുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. എന്നാൽ, കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്ത്​ വിട്ടിട്ടില്ല. നേരത്തെ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത്​ സിങ്​ എന്നിവരെ ചോദ്യം ചെയ്തിരുന്നു.