Asianet News MalayalamAsianet News Malayalam

'കൗതുകത്തിന് കഞ്ചാവ് ചെടി വളര്‍ത്തി'; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

ഉദ്ദേശം അഞ്ച് മാസം പ്രായമായ ആറടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എക്സൈസ് പിടിച്ചെടുത്തത്. ഇത് പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു

two arrested for farming cannabis plant
Author
Kizhakkambalam, First Published May 2, 2019, 9:13 PM IST

കിഴക്കമ്പലം: വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കിഴക്കമ്പലം ടൗണിലുള്ള സ്വകാര്യവ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് ചെടി പരിപാലിച്ച് വളർത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

ബീഹാർ സ്വദേശികളായ ബലായി താക്കൂർ, രാജീവ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ്‌ ഇരുവരും ജോലി ചെയ്യുന്നത്. ഉദ്ദേശം അഞ്ച് മാസം പ്രായമായ ആറടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എക്സൈസ് പിടിച്ചെടുത്തത്.

ഇത് പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു. നാട്ടിൽ പോയപ്പോൾ ലഭിച്ച കഞ്ചാവ് വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് പരിപാലിച്ച് വളർത്തിയതാണെന്നാണ് ഇവർ എക്സൈസിന് മൊഴി നൽകിയത്.  

ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടി വരുന്നതിനാൽ ഇത്തരം തൊഴിലാളികൾക്ക് നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചു തന്നെ ആണോ വാടകയ്ക്ക്  വീട് നൽകിയിട്ടുള്ളതെന്ന് അന്വേഷണം നടത്തുമെന്നും ഇത്തരം ആൾക്കാർ  താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേകം നിരീക്ഷണം നടത്തുന്നതടക്കമുള്ള  കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇരുവരെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios