ദില്ലി: 19കാരനെ കൊലപ്പെടുത്തിയ കേസില്‍ പത്ത് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ദില്ലി പൊലീസ്. അമന്‍ എന്ന 19കാരനെയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സുഹൈല്‍, ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയിലെ ഒരു നിര്‍മ്മാണ കമ്പനിയിലാണ് അമന്‍ ജോലി ചെയ്തിരുന്നത്. അമനെ കൊലപ്പെടുത്താനുപയോഗിച്ച രക്തം പുരണ്ട കത്തി പൊലീസ് കണ്ടെത്തി. 

സുഭാഷ് പാര്‍ക്കില്‍ വച്ച് അമനെ കാണണമെന്ന് പ്രതികളായ സുഹൈലും ഫര്‍ഹാനും ആവശ്യപ്പെട്ടിരുന്നുവെന്ന് അമന്റെ പിതാവ് മുസ്താക്കര്‍ അഹമ്മദ് പറഞ്ഞു. സുഭാഷ് പാര്‍ക്കില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അബോധാവസ്ഥയിലാണ് അമനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അമനെ രക്ഷിക്കാനായില്ല. 

അമനും പ്രതികള്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ദില്ലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പ്രതികളും അമനുമായുള്ള തര്‍ക്കം നേരത്തേ മുതിര്‍ന്ന ചിലര്‍ ചേര്‍ന്നാണ് പരിഹരിച്ചത്. പിന്നാലെ അമനോട് പ്രതികാരം ചെയ്യാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. 

സുഭാഷ് പാര്‍ക്കിലെത്തിയ അമനെ ഒരാള്‍ പിടിച്ചുവയ്ക്കുകയും മറ്റെയാള്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. അമനെ കൊലപ്പെടുത്തി ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.