മേലാറ്റൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരം രൂപയുടെ ക്ഷേത്രോപകരണങ്ങളുമാണ് മോഷണം പോയത്.
മലപ്പുറം: മേലാറ്റൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരം രൂപയുടെ ക്ഷേത്രോപകരണങ്ങളുമാണ് മോഷണം പോയത്. മേലാറ്റൂര്‍ സ്വദേശിയായ മന്‍സൂര്‍, അബ്ദു എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഭണ്ഡാരത്തിന്‍റേയും ഓഫീസ് മുറിയുടേയും പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. ഭണ്ഡാരത്തില്‍ നിന്നും പണവും അമ്പതിലധികം നിലവിളക്കുകളും മറ്റ് ക്ഷേത്ര ഉപകരണങ്ങള്‍ മോഷണം പോയതായി ക്ഷേത്രഭാരവാഹികള്‍ മേലാറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പൂജാരി രാവിലെ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മേലാറ്റൂര്‍ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മുന്‍പ് ഇത്തരം കേസുകളില്‍ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാരെ തിരിച്ചറിഞ്ഞത്. പ്രതികള്‍ കുറ്റസമതമൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു.
മോഷണം പോയ വസ്തുക്കള്‍ ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ പഴയ കെട്ടിടത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റു ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നതു കൂടി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ആഡംബര കാറിലെ കൂട്ട ബലാത്സംഗം, ഉന്നതരിലേക്ക് അന്വേഷണം
ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബരകാറില്‍ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നു. എംഎൽഎയുടെ മകൻ ഉൾപ്പടെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഉന്നത സ്വാധീനമുള്ള പ്രതികളുടെ മാതാപിതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം 28 ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റുകയായിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു. പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും ശ്രദ്ധയില്‍ പെട്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. രാഷ്ട്രീയ സമുദായ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് അഞ്ച് പേരും. എഐഎംഐഎം എംഎല്‍എയുടെ മകനും , ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചു. മറ്റ് മൂന്ന് പേര്‍ ഹൈദരാബാദില െബിസിനസ്സുകാരുടെ മക്കളാണ്. പ്രതികളെല്ലാം പതിനെട്ട് വയസ്സിൽ താഴെയുള്ളവരാണ്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പീഡനം നടന്ന ആഡംബര കാറ് പൊലീസിൽ കസ്റ്റഡിയിലെടുത്തു. അഞ്ച് പേരെയും പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.പ്രാഥമിക അന്വേഷണത്തില്‍ എംഎല്‍എയുടെ മകന് കേസില്‍ ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്.എന്നാല്‍ എംഎല്‍എയുടെ മകനും സംഘത്തിനുമൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്‍റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ ആരോപിച്ചു.
