ലക്ക്നൌ: ഉത്തർപ്രദേശിലെ ബുൻന്ദഷെഹറിൽ 19-കാരി സുധീക്ഷ ഭട്ടി വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടി അപകടത്തിൽ പെടാൻ കാരണനായ ബുള്ളറ്റ് ഓടിച്ചിരുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. 

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ബൈക്കിലെത്തിയ പൂവാലസംഘ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചെന്നും. ഇതെതുടർന്നാണ് അപകടമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഇത് വാഹനാപകടം ആണെന്നും പൂവാല ശല്യവുമായി ബന്ധമില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറയുന്നു.

ഗുലാത്തി നിവാസിയായ ദീപക് സോളങ്കി, ബുലന്ദശഹർ ദേഹത്ത് നിവാസിയായ രാജു എന്നിവരെയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നും, അപകടത്തിനിടെ ഉപയോഗിച്ച റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ  കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ദരിദ്ര സാഹചര്യത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉത്തർപ്രദേശിലെ തന്നെ  ഉയ‍‍‍ർന്ന മാർക്കോടെ വിജയംനേടി, തുടർപഠനത്തിന് നാല് കോടി സ്കോളർഷിപ്പോടെ അമേരിക്കയിലെത്തി സുധീക്ഷ ഭട്ടിയുടെ അപകടമരണം വലിയ വിവാദത്തിന് വഴിവച്ചിരുന്നു.