കമ്പം: തമിഴ്നാട് കമ്പത്ത് വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് പച്ചക്കറി വാനിൽ കടത്തുകയായിരുന്ന 176 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. ഓടി രക്ഷപ്പെട്ട മൂന്ന് പേർക്കായി തമിഴ്നാട് കമ്പം പൊലീസ് തെരച്ചിൽ ശക്തമാക്കി.

കമ്പം ആർഎംടിസി ഡിപ്പോയ്ക്ക് മുന്നിൽ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട. പച്ചക്കറി വാനിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തൽ. ആറ് ചാക്കുകളിലായി 176 കിലോ കഞ്ചാവ്. പൊലീസ് കൈ കാണിച്ചപ്പോൾ നിർത്താതെ പോയ പിക്കപ്പ് വാനിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. 

കമ്പം സ്വദേശികളായ വേൽമുരുകൻ, കുബേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. മലൈച്ചാമി, കാളിരാജ്, കണ്ണൻ എന്നിവർ ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കേരളത്തിന്റെ വിവിധ മേഖലകളിൽ വിൽക്കാനായിരുന്നു പദ്ധതി. കേരളത്തിലെ ചില ആവശ്യക്കാരെക്കുറിച്ചുള്ള വിവരങ്ങളും തമിഴ്നാട് പൊലീസിന് കിട്ടിയിട്ടുണ്ട്. 

അവരെപ്പിടികൂടാൻ കേരളപൊലീസിന്റെ സഹായവും തേടും. അതേസമയം ഓടി രക്ഷപ്പെട്ടവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്. അറസ്റ്റിലായവരെ ചോദ്യം ചെയ്യലിനും കൊവിഡ് പരിശോധനയ്ക്കും ശേഷം നാളെ റിമാൻഡ് ചെയ്യും