അടൂര്‍: ലോക്ഡൗൺ കാലത്ത് കേരളത്തിലേക്ക് അരി എത്തിക്കുന്ന ലോറിയിൽ കഞ്ചാവ് കടത്ത്. ആന്ധ്രയിൽ നിന്നെത്തിയ ലോറിയിൽ നിന്ന് 10 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വാഹനത്തിന്‍റെ ഡ്രൈവര്‍മാരായ  തമിഴ്നാട് സ്വദേശികളായ രമേശ്, തങ്കരാജ് എന്നിവരെ  എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1,01,000 രൂപയും പിടിച്ചെടുത്തു.
 
ലോക്ക്ഡൗണിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എക്‌സൈസ് സംഘം അടൂര്‍ ബൈപാസ് റോഡില്‍ നിന്ന് അന്തര്‍ സംസ്ഥാന ലോറിയിൽ കടത്തികൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഡ്രൈവര്‍ സീറ്റിന് പിന്‍ഭാഗത്തുള്ള രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

ആന്ധ്രാപ്രദേശിലെ രാജമുദ്രിയിൽ നിന്നും അരിയുമായി കായംകുളം, പുനലൂര്‍ ഭാഗത്ത്എത്തിയ ലോറിയിലാണ് കഞ്ചാവ് കടത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നും മലയാളിയായ രണ്ടു പേരാണ് വാഹനത്തില്‍ പാർസൽ ഏല്‍പ്പിച്ചതെന്നും അരി ഇറക്കി മടങ്ങും വഴി അടൂര്‍ കായകുളം റൂട്ടില്‍ എവിടെയെങ്കിലും വച്ച് അജ്ഞാതൻ എത്തി പാര്‍സല്‍ കൈപ്പറ്റുമെന്നായിരുന്നു അിയിച്ചത്. 

ലോറിഡ്രൈവർമാരെ കഞ്ചാവ് മാഫിയ സമാർത്ഥമായി ഉപയോദിക്കുകയായിരുന്നു എന്ന് എക്സൈസ് അറിയിച്ചു. ഇവർക്ക് കൈമാറിയവരെപ്പറ്റി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.  പൊതുവിപണിയില്‍ ഉദ്ദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തിട്ടുള്ളത്.