Asianet News MalayalamAsianet News Malayalam

പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ബൈക്കിലെത്തി മാലപൊട്ടിക്കുന്ന സംഘം അറസ്റ്റിൽ

കല്ലായ് ഗുഡ്സ് ഷെഡിൽ നിർത്തിയിട്ട പോർട്ടറുടെ വാഹനം ഉടമസ്ഥൻ അറിയാതെ കള്ളതാക്കോലിട്ട്  സ്റ്റാര്‍ട്ടാക്കി എടുത്തുകൊണ്ട് പോയി പിടിച്ചുപറി നടത്തി തിരികെ കൊണ്ടു വെക്കാറാണ് ഇവരുടെ പതിവ്. സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാനും ആളുകൾ പിന്തുടർന്നാൽ മനസ്സിലാവാതിരിക്കാനുമായി പിടിച്ചുപറി നടത്തിയ ഉടനെ തന്നെ ഓടികൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നു തന്നെ ഷർട്ട് മാറ്റുകയും പഴയത് പുഴയിലോ മറ്റോ ഉപേക്ഷിക്കുകയും ചെയ്യുകയും ചെയ്തിരുന്നു.

two held for chain snatching in kozhikode
Author
Kozhikode, First Published Mar 28, 2021, 3:53 PM IST

കോഴിക്കോട്:കോഴിക്കോട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് ബൈക്കിലെത്തി മാലകൾ പിടിച്ചുപറിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ.  നടുവട്ടം ചെറുകണ്ടത്തിൽ ജംഷിദ് എന്ന ഇഞ്ചിൽ (30), ചക്കുംകടവ് ആനമാട്  നിസാമുദ്ദീൻ എന്ന നിസാം(33) എന്നിവരാണ് പോലീസ് പിടിയിലായത്. ഫറോക്ക് എ സി പി  സിദ്ധിഖിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര സബ്ബ് ഇൻസ്പെക്ടർ മുരളീധരനും ചേർന്നാണ് ഇവരെ പിടികൂടിയത്.

പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലായ് വി.കെ കൃഷ്ണമേനോൻ റോഡിൽ വെച്ച്  വെള്ളിയാഴ്ച ഉച്ചയ്ക്ക്  വീട്ടിലേക്ക് പോവുകയായിരുന്ന അറുപത് വയസ്സുള്ള കീഴാർമഠം സ്വദേശിനിയുടെ ഒന്നര പവൻ തൂക്കംവരുന്ന മാല ബൈക്കിലെത്തിയ രണ്ട് പേർ പിടിച്ചുപറിച്ച് കടന്നു കളഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. വയോധികയുടെ അരികിലേക്ക് ബൈക്ക് നിർത്തുകയും പിന്നിലിരുന്ന ഇഞ്ചിൽ ഇറങ്ങി നടന്നു വരികയും വയോധികയെ തള്ളിയിട്ട് മാല പിടിച്ചു പറിച്ച ശേഷം ബൈക്കിൽ കയറി പോവുകയുമായിരുന്നു.

സംഭവം നടന്ന ഉടനെ തന്നെ ക്രൈം സ്ക്വാഡ് അന്വേഷണം നടത്തിയതിൽ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിനിടയിൽ പ്രതികൾ വട്ടക്കിണർ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയുമായിരുന്നു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ ഇവിടം വളയുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് പന്നിയങ്കര സ്റ്റേഷനിലെത്തിച്ച്  വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് യുവാക്കള്‍ ഇതിന് മുന്‍പ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരം ലഭിക്കുന്നത്.

2020 ഡിസംബര്‍ 10ന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊറ്റമ്മൽ അങ്കത്തിൽ ദാമോദരൻ നായർ റോഡിൽ  സ്ത്രീയുടെ പുറകിൽ നിന്നും നടന്നു വന്ന്  ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ച് പറിച്ച് കൊണ്ടു പോയതും ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 2021 ഫെബ്രുവരി 12ന് സേവാമന്ദിരം സ്കൂളിന് സമീപം സ്ത്രീയുടെ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാല പിടിച്ചു പറിച്ച് കൊണ്ട് പോയതും തേഞ്ഞിപാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളകുത്തിൽ നിന്നും യുവതിയുടെ മാലകൾ പിടിച്ചുപറിച്ചതും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഇവർ കൃത്യത്തിനുപയോഗിച്ചിരുന്ന ബൈക്കും  പൊലീസ് കണ്ടെടുത്തു. 

ജില്ലയിലും പുറത്തും നൂറോളം കേസുകളിൽ പ്രതിയാണ് ജംഷീദ്. ഭവനഭേദനത്തിന് കോടതി ശിക്ഷിച്ച പ്രതിയാണ് ഇഞ്ചിൽ. പിടിച്ചുപറിച്ച മാലകൾ പണയം വെക്കുകയോ വിൽക്കുകയോ ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഇവര്‍ ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നതും പിടിച്ചുപറിച്ച മാലകളിൽ ചിലത് വില്പന നടത്തി കൊടുത്തിരുന്നതും നിസാമുദീൻ ആയിരുന്നു.

കല്ലായ് ഗുഡ്സ് ഷെഡിൽ നിർത്തിയിട്ട പോർട്ടറുടെ വാഹനം ഉടമസ്ഥൻ അറിയാതെ കള്ളതാക്കോലിട്ട്  സ്റ്റാര്‍ട്ടാക്കി എടുത്തുകൊണ്ട് പോയി പിടിച്ചുപറി നടത്തി തിരികെ കൊണ്ടു വെക്കാറാണ് ഇവരുടെ പതിവ്. സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാനും ആളുകൾ പിന്തുടർന്നാൽ മനസ്സിലാവാതിരിക്കാനുമായി പിടിച്ചുപറി നടത്തിയ ഉടനെ തന്നെ ഓടികൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നു തന്നെ ഷർട്ട് മാറ്റുകയും പഴയത് പുഴയിലോ മറ്റോ ഉപേക്ഷിക്കുകയും ചെയ്യുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios