പാലക്കാട്: ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന മോഷണ സംഘത്തിലെ യുവാക്കൾ പൊലീസ് പിടിയിൽ. നാൽപ്പതോളം പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ട കൊച്ചി തൃക്കാക്കര സ്വദേശി ഇമ്രാൻഖാൻ, സിനിമാ സഹ സംവിധായകൻ കെന്നടിമുക്ക് ചെറുവള്ളി സുർജിത് എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9ന് ലക്കിടിയിൽ  യുവതിയുടെ മാല തട്ടിപ്പറിച്ച  കേസിന്‍റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ലക്കിടി അകലൂർ കായൽപ്പള്ളയിലെ രാജേഷിന്റെ ഭാര്യ രഞ്ജുവിന്റെ കഴുത്തിൽ നിന്ന് 4 പവന്‍റെ മാല പ്രതി ഇമ്രാൻഖാൻ ബൈക്കിലെത്തി പിടിച്ചുപറിക്കുകയായിരുന്നു. ദമ്പതികൾ മോഷ്ടാവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. 

ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഇവർ പിന്നീട് പൊലീസിൽ പരാതി നൽകി. നമ്പർ വ്യാജമായിരുന്നെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് മലപ്പുറം താനൂരിലെ വീട്ടിൽ നിന്ന് ഇമ്രാൻഖാനെ പൊലീസിന് പിടികൂടാനായത്. ഇയാൾ നൽകിയ വിവരത്തെ തുടർന്നു മാല വിൽപന നടത്തിയ സുർജിത്തിനെയും അറസ്റ്റ് ചെയ്തു. പിടിച്ചു പറിക്ക് ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇമ്രാൻഖാന്റെ പേരിൽ എറണാകുളം, തൃശൂർ പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി നാൽപ്പതോളം പിടിച്ചുപറി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് റൈസിൽ പ്രഗൽഭനായ ആളാണ് ഇമ്രാൻ. 4 സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണു സുർജിത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.