നഗരത്തിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ റിബിൻ, റിജോ എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്.
തൃശൂർ: നഗരത്തിലും പരിസരങ്ങളിലും മോട്ടോർ സൈക്കിളിൽ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ റിബിൻ, റിജോ എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്. 150 ൽ അധികം ക്യാമെറകൾ പരിശോദിച്ചാണ് ഇവരെ പിടുകൂടിയത്
നെടുപുഴയിൽ വിഷു തലേന്ന് ബേക്കറിയിൽ നിന്നും കൂൾ ഡ്രിങ്ക്സ് കുടിച്ച ശേഷമാണ് യുവാക്കൾ 66കാരിയുടെ മാല പൊട്ടിച്ചത്.ചീയാരം, മുല്ലക്കര, പീച്ചി എന്നിവങ്ങളിലും സമാന സംഭവങ്ങൾ നടന്നു. തുടർന്ന് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ആണ് മോഷ്ടാക്കളെ പിടി കൂടിയത്.
പ്രതികൾ മോട്ടർസൈക്കിളിന്റ നമ്പർ പ്ലേറ്റ് വളച്ചു വച്ചാണ് സഞ്ചരിച്ചത്. മോഷണത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ റോഡിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും മാറ്റുകയും ചെയ്തു. ചില സമയങ്ങളിൽ ബൈക്ക് ഉപേക്ഷിച്ചു കാറിൽ സഞ്ചരിച്ചു.
നഗരത്തിലെയും ഉൾ റോഡുകളിലെയും ക്യാമെറകൾ ദിവസങ്ങളോളം പരിശോദിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് 52 ഗ്രാം സ്വർണവും കണ്ടെടുത്തു. സാമ്പത്തിക പ്രശ്നം മൂലമാണ് മാല പൊട്ടിക്കലി ലേക്ക് തിരിഞ്ഞതെന്നാണ് യുവാക്കൾ പോലീസിനു നൽകിയ മൊഴി
ട്രെയിനിന് പിന്നാലെ പോയില്ല, മറ്റൊരു നമ്പർ കണ്ടെത്തി; 'ദൃശ്യം'തന്ത്രം പൊളിച്ച് പൊലീസ് ബന്ദികളെ രക്ഷിച്ചതിങ്ങനെ
കോഴിക്കോട്: സിനിമാ കഥകളെ വെല്ലും വിധം മലബാറില്‍ കൊട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടം തുടരുകയാണ്. പൊലീസിനെ കബളിപ്പിക്കാന്‍ കൊട്ടേഷന്‍ സംഘം ദൃശ്യം മോഡല്‍ ഓപ്പറേഷന്‍ നടത്തി പാളിയ വാർത്തയാണ് ഇന്ന് കോഴിക്കോട് നിന്നും വരുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ച ( ഏപ്രില്‍ 27) ദുബായിൽ നിന്നും ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറെത്തറ കൂത്താളി വീട്ടിൽ അബ്ദുൾ നിസാർ കടത്തുസ്വർണ്ണം വാങ്ങാനെത്തിയവർക്ക് നൽകാതെ വിമാനത്താവളത്തിൽ നിന്നും മുങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് അബ്ദുൾ നിസാറിനെ സ്വർണ്ണകടത്ത് സംഘങ്ങൾക്ക് പരിചയപ്പെടുത്തി കൊടുത്ത കോഴിക്കോട് പേരാമ്പ്ര സ്വദേശി വെള്ളിയൂർ പോറോളി വീട്ടിൽ മുഹമ്മദ് ഷഹീറിനെയും, മായനാട് സ്വദേശി തയ്യിൽത്താഴം വീട്ടിൽ ഫാസിലിനെയും സ്വർണ്ണകടത്ത് സംഘം തട്ടികൊണ്ടു പോവുകയായിരുന്നു. മുണ്ടിക്കൽത്താഴം, പേരാമ്പ്രയിലെ നടുവണ്ണൂർ എന്നിവിടങ്ങളിലുള്ള സ്വർണ്ണകടത്ത് സംഘവുമായി ബന്ധമുള്ളവരാണ് ഇരുവരും. കാരിയറായ അബ്ദുൾ നിസാറിൽ നിന്നും സ്വർണ്ണം വീണ്ടെടുത്ത് തന്നില്ലെങ്കിൽ കൊല്ലുമെന്ന് പറഞ്ഞ് ഇവരുടെ കുടുംബാംഗങ്ങൾക്ക് ഫോൺ കോളുകളും വന്നു.
ഈങ്ങാപ്പുഴയ്ക്കടുത്തുള്ള ഒരു അജ്ഞാത കേന്ദ്രത്തിലാണ് ആദ്യം ഇരുവരെയും സംഘം തടവിൽ പാർപ്പിച്ചത്. ഇവരുടെ വീട്ടുകാരോട് സ്വർണ്ണമോ അല്ലെങ്കിൽ അതിനു തുല്യമായ പണമോ തരണമെന്ന് ആവശ്യപ്പെട്ട് ഫോണുകൾ നിരന്തരം വന്നതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ സ്വർണകടത്തുമായി ബന്ധപ്പെട്ടാണ് പ്രശനമെന്ന് അന്വേഷണം തുടങ്ങിയപ്പോഴാണ് അറിഞ്ഞതെന്ന് മെഡിക്കല്‍ കോളേജ് എസിപി കെ സുദർശന്‍ പറഞ്ഞു.
'ദൃശ്യം' സിനിമ തന്ത്രം പയറ്റി, പക്ഷേ പൊലീസ് പൊളിച്ചു
പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ഈങ്ങാമ്പുഴയില്‍നിന്നും തട്ടികൊണ്ടു പോയവരെയും കൊണ്ട് മൈസൂരിലേക്ക് കടന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൈസൂരിൽ നിന്നും ഒരു ചെറിയ മൊബൈൽ ഫോൺ വാങ്ങി പ്രതികളിലൊരാളുടെ സിംകാർഡ് ആ ഫോണിലിട്ട് ദൃശ്യം സിനിമ സ്റ്റൈലിൽ മൈസൂരിൽ നിന്നും ജയ്പൂരിലേക്ക് പോകുന്ന ട്രെയിനിലെ വേസ്റ്റ് ബാസ്ക്കറ്റിൽ നിക്ഷേപിച്ചു. തുടർന്ന് സംഘം ബെംഗളൂരുവിലേക്ക് കടന്നു. പ്രതികൾ തട്ടിക്കൊണ്ടുപോയവരെയും കൊണ്ട് ട്രെയിനില്‍ കർണാടകം വിടുകയാണെന്ന് ആദ്യം കരുതിയ പൊലീസ് പക്ഷേ പ്രതികൾക്കെല്ലാവർക്കും കൊട്ടേഷന്‍ പ്രവർത്തനങ്ങൾക്കായി മറ്റൊരു നമ്പർ കൂടിയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ആ നമ്പറുകൾ തപ്പിയതോടെ എല്ലാവരും ബെംഗളൂരുവില്‍തന്നെയുണ്ടെന്ന് കണ്ടെത്തി. ഒടുവില്‍ ബെംഗളൂരുവിലെ മജസ്റ്റിക്കിനു സമീപമുള്ള ലോഡ്ജിൽ നിന്നും പ്രതികളെ കണ്ടെത്തി. മലപ്പുറം തയ്യിലക്കടവ് ഇല്ലിക്കൽ വീട്ടിൽ കോയക്കുട്ടിയുടെ മകനായ മുഹമ്മദ് സമീർ (31 വയസ്സ്) മലപ്പുറം തയ്യിലക്കടവ് പൂനാടത്തിൽ വീട്ടിൽ അപ്പു കുട്ടന്‍റെ മകനായ ജയരാജൻ (51 വയസ്സ്) കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കൽ വീട്ടിൽ ഉണിച്ചുണ്ടന്‍റെ മകനായ രതീഷ് (32 വയസ്സ്) എന്നിവരെയാണ് സാഹസികമായി പിടികൂടിയത്. ഇവർക്ക് വാഹനം എത്തിച്ചു കൊടുത്ത തയ്യിലക്കടവ് വീട്ടിലെ കോയക്കുട്ടിയുടെ മകനായ റൌഫും പിടിയിലായി. ഫാസിലിനെയും ഷബീറിനെയും തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് കാറുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
സ്വർണം കൊടുത്തയച്ചത് കൊടുവള്ളി ഗാങ്ങ്
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും സ്വർണ്ണം കടത്തിയ സംഘത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണകടത്ത് സംഘമാണ് അബ്ദുല്‍ നിസാറിന് സ്വർണം കടത്താനേല്‍പ്പിച്ചതെന്നാണ് കണ്ടെത്തല്‍. ഈ കേസുമായി ബന്ധമുള്ള മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും, കൊട്ടേഷന്‍ സംഘത്തിലെ കൂടുതല്‍ പേർക്കായി തിരച്ചില്‍ തുടരുകയാണെന്നും അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ കെ സുദർശൻ പറഞ്ഞു.
അന്വേഷണ സംഘത്തില്‍ ഇവരൊക്കെ
കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ സുദർശൻ, ഇൻസ്പെക്ടർ ബെന്നിലാലു എം എൽ, സബ്ബ് ഇൻസ്പെക്ടർ രമേഷ് കുമാർ. വനിത എ എസ് ഐ സമീമ, സി പി ഒ അരുൺ, സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, സുമേഷ് ആറോളി, അർജ്ജുൻ അജിത്ത്, കെ അഖിലേഷ്, സൈബർ സെല്ലിലെ രാഹുൽ.
