കോഴിക്കോട്: കൊയിലാണ്ടി കീഴരിയൂരിൽ ഗുണ്ടാ ആക്രമണകേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. വിവാഹത്തിനെത്തിയ വരന്‍റേയും സംഘത്തിന്‍റെയും കാർ തടഞ്ഞ് വടിവാളുമായി ആക്രമിച്ച കേസിലാണ് അറസ്റ്റ്. വധുവിന്‍റെ അമ്മാവൻ മൻസൂറിനേയും സുഹൃത്ത് കാപ്പാട് സ്വദേശി തൻസീറിനെയുമാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കീഴരിയൂർ കണ്ണോത്ത് യുപി സ്കൂളിന് സമീപമായിരുന്നു ആക്രമണം. മാതാചാര പ്രകാരമുള്ള വിവാഹത്തിനായി എത്തിയ വരൻ മുഹമ്മദ് സാലിഹിനേയും കൂട്ടരേയുമാണ് കബീറും മൻസൂറുമടങ്ങുന്ന സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിച്ചത്. ഇവരെത്തിയ രണ്ട് കാറുകൾ അടിച്ച് തകർക്കുകയും ചെയ്തു. 

ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. പട്ടാപ്പകൽ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് ഊർജിത നടപടിയിലേക്ക് നീങ്ങിയത്. യുവതിയുടെ അമ്മാവൻമാരാണ് കബീറും മൻസൂറും. താൽപര്യമില്ലാത്ത വിവാഹമായതുകൊണ്ടായിരുന്നു ആക്രമണം. കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കൂടി കേസുണ്ട്.

പ്രണയത്തിലായിരുന്ന സാലിഹും ഫർഹാനയും നേരത്തെ ഒരുമിച്ച് ജീവിച്ചപ്പോഴും കബീറും മൻസൂറും വീടുകയറി ആക്രമിച്ചിരുന്നു. അന്ന് ഫർഹാനയെ ബലം പ്രയോഗിച്ച് കൊണ്ടുപോയെങ്കിലും യുവതി തിരികെ പോവുകയും വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതോടെ മതാചാര പ്രകാരം വിവാഹം നടത്താൻ ഫർഹാനയുടെ അച്ഛനും മറ്റ് ബന്ധുക്കളും തീരുമാനിച്ചു. ഇതിൽ പ്രകോപിതരായ കബീറും മൻസൂറും ആക്രമണം അഴിച്ചുവിടുകയായിരുന്നു.