സംഭല്‍: പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടക്കിയ സംഭവമുണ്ടായത്. പൊലീസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ കയറുകയായിരുന്നു. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് വ്യാജ മദ്യവുമായി ബന്ധമുണ്ടെന്നും നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ വരണമെന്നും ഇവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു.

പിന്നീട് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ സഹോദരിമാര്‍ വീട്ടുകാരെ വിവരം ധരിപ്പിച്ചു. ബെഹ്ജോ പൊലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും കോണ്‍സ്റ്റബിള്‍ പോലും വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.  

പൊലീസ് വേഷം ഇവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നും സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മെഡിക്കല്‍ പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. പരാതി ലഭിച്ചിട്ടും അലംഭാവം കാട്ടിയെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ പൊലീസ് പ്രതികരിച്ചിട്ടില്ല.