കോഴിക്കോട്: ബൈക്ക് മോഷ്ടാക്കളായ കൗമാരപ്രായക്കാരെ സിനിമാ സ്റ്റൈലിൽ കുരുക്കി കോഴിക്കോട് മുക്കം പൊലീസ്. രക്ഷപ്പെടാൻ ഇരുവഞ്ഞിപുഴയിൽ ചാടിയെങ്കിലും പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാക്കാളെ പൊക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് പട്രോളിംഗിനിടെ ഹെൽമറ്റും മാസ്കും ധരിക്കാതെ അമിത വേഗതയിൽ വന്ന ബൈക്കിനെ പൊലീസ് പിന്തുടരുകയായിരുന്നു. 

മുക്കം പാലത്തിന് സമീപത്ത് നിന്ന് ഇവർ പൊലീസിനെ കണ്ട് ഇരുവഴിഞ്ഞി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇവരെ കുരുക്കി. പുഴ നീന്തിക്കയറിയെ ഒരാളെ നാട്ടുകാർ പിടികൂടി. രണ്ടാമൻ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആൾമാറാട്ടം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാമനും പിടിയിലായി. 

അതിഥി തൊഴിലാളിയുടെ വസ്ത്രമിട്ട് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. ബൈക്ക് മോഷ്ടിച്ചതാണെന്ന് ഇരുവരും മൊഴി നൽകി. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ മൂന്നാമനും പിടിയിലായി. ബൈക്കിന്‍റെ നമ്പർ വ്യാജമെന്നും തെളിഞ്ഞിട്ടുണ്ട്. ഈ സംഘം മോഷ്ടിച്ച പൾസർ ബൈക്കും, സ്കൂട്ടറും കണ്ടെടുത്തു. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. കൂടുതൽ മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന പരിശോധനയിലാണ് പൊലീസ്.