തിരുവനന്തപുരം: മലയിന്‍കീഴ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മര്‍ദ്ദിച്ച് സ്വര്‍ണ മാലയുമായി കടന്നു. തിങ്കളാഴ്ച രാവിലെ 10.45ഓടെ കാട്ടാക്കട ശ്രീകൃഷ്ണപുരം റോഡില്‍ കുളത്തിന് സമീപത്താണ് സംഭവം. കാട്ടാക്കട പുലിയൂര്‍കോണം രാഹുല്‍ നിവാസില്‍ ബിന്ദുവിന്റെ സ്വര്‍ണ മാലയാണ് ഇരുചക്രത്തിലെത്തിയയാള്‍ നെഞ്ചിലും മുതുകിലും മര്‍ദ്ദിച്ച ശേഷം  പൊട്ടിച്ചു കടന്നത്. മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും രണ്ട് ലോക്കറ്റും കള്ളന്‍ കൊണ്ടുപോയി. 

കാട്ടാക്കട ഭാഗത്തു നിന്നും ശ്രീകൃഷ്ണപുരം റോഡിലൂടെ അമ്പലക്കുളത്തിന് സമീപം എത്തിയപ്പോഴാണ് ബിന്ദുവിന്റെ അരികില്‍ ബൈക്ക് നിര്‍ത്തിയ ശേഷം മര്‍ദ്ദിക്കുകയും സ്വര്‍ണമാല പൊട്ടിച്ചു കടക്കുകയും ചെയ്തത്. സമീപത്തെ സ്ഥാപനത്തിലെ സുരക്ഷാ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. യുവതിയെ പിന്തുടര്‍ന്നു വന്ന കള്ളന്‍ ഇവരെ കടന്നു പോയ ശേഷം തിരികെ എത്തിയാണ് കൃത്യം നിര്‍വഹിച്ചത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിന്ദു കാട്ടാക്കട ആശുപത്രിയില്‍ ചികിത്സ തേടി. കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.