കഞ്ചാവ് ചെറിയ പൊതികളിലാക്കി തീരദേശത്ത് വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മഫ്ടിയിലെത്തിയ പൊലീസ് യുവാക്കളെ പിടികൂടിയത്.

തൃശ്ശൂര്‍: തൃശ്ശൂരിലെ ചെന്ത്രാപ്പിന്നിയിൽ വൻ കഞ്ചാവ് വേട്ട. വീടിനകത്ത് സൂക്ഷിച്ചിരുന്ന 14 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ചെന്ത്രാപ്പിന്നി സ്വദേശികളായ കണ്ണോത്ത് വീട്ടിൽ ഡപ്പി എന്ന് വിളിക്കുന്ന അജിത്ത്, പാക്കരൻ എന്ന് വിളിക്കുന്ന അരുൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

ചെന്ത്രാപ്പിന്നിയിൽ വൻതോതിൽ കഞ്ചാവെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. കിടപ്പുമുറിയിൽ കട്ടിലിനിടയിൽ ചാക്കിൽ ഏഴ് വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 

കഞ്ചാവ് ചെറിയ പൊതികളിലാക്കി തീരദേശത്ത് വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് മഫ്ടിയിലെത്തിയ പൊലീസ് ഇവരെ പിടികൂടിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ച എടത്തിരുത്തി സ്വദേശി കുഞ്ഞാണ്ടി എന്ന് വിളിക്കുന്ന സനിൽ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം കാറിൽ കടത്തികൊണ്ട് വന്ന കഞ്ചാവ് പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് സംഘം കടന്ന് കളഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു