അലമാരയോ വീട്ടിലെ വാതിലുകളോ ജനലുകളോ കുത്തി തുറന്നതിന്റെ തെളിവുകളും ലഭിച്ചിട്ടില്ല.

കൊച്ചി: ദിവസങ്ങൾക്ക് മുൻപ് ബാങ്ക് ലോക്കറിൽ നിന്ന് എടുത്ത സ്വർണം മോഷണം പോയി. തെളിവുകളൊന്നുമില്ല, വലഞ്ഞ് പൊലീസ്. കിഴക്കമ്പലത്ത് വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 17 പവനോളം സ്വർണാഭരണങ്ങളാണ് കാണാതായത്. ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കി ചേലച്ചുവട് നാഞ്ഞിലത്ത് പറമ്പിൽ മോഹനനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കിഴക്കമ്പലം ശ്രീജേഷ് റോഡിലെ വാഴച്ചാൽ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കാണാതായത്. ആഴ്ചകൾക്ക് മുൻപാണ് ആഭരണങ്ങൾ ബാങ്കിൽ നിന്ന് എടുത്ത് അലമാരയിൽ സൂക്ഷിച്ചത്. സ്വർണാഭരണങ്ങൾ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് ഇവ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് മോഹനന്റെ മകൾ കുന്നത്തുനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം വീട്ടിൽ മോഷണത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനാൽ വീട്ടുകാരുടെയും ബന്ധുക്കളുടെയും വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലെത്തിയവരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയാണ് അന്വേഷണ സംഘം. ഫൊറൻസിക് വിദഗ്ധരും വിരലടയാള പരിശോധനാ സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിക്കും. അലമാരയോ വീട്ടിലെ വാതിലുകളോ ജനലുകളോ കുത്തി തുറന്നതിന്റെ തെളിവുകളും ലഭിച്ചിട്ടില്ല. 18 വർഷമായി കിഴക്കമ്പലത്ത് താമസിക്കുന്ന മോഹനനും കുടുംബവും കഴിഞ്ഞ മൂന്ന് വർഷമായി ശ്രീജേഷ് റോഡിലെ വാഴച്ചാൽ വീട്ടിലാണ് താമസം. മോഹനൻ കിഴക്കമ്പലത്തെ ഒരു പച്ചക്കറി കടയിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ബന്ധുക്കൾ ഒഴികെ മറ്റാരും വീട്ടിലെത്തിയിട്ടില്ലെന്ന് വീട്ടുകാർ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. മെയ് എട്ടിന് രാത്രിക്കും ജൂൺ 15ന് രാവിലെ വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം