Asianet News MalayalamAsianet News Malayalam

ഉദയംപേരൂരിൽ ഭാര്യയെ കൊന്ന് മറവ് ചെയ്ത് 'ദൃശ്യം' മോഡൽ കൊല: ഭർത്താവും കാമുകിയും അറസ്റ്റിൽ

എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്. 

udayamperoor vidya murder case husband arrested
Author
Cochin, First Published Dec 10, 2019, 11:15 AM IST

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, കാണാനില്ലെന്ന് പരാതി നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് ഒടുവില്‍ പൊലീസ് പിടിയിലായി. ഉദയംപേരൂര്‍ സ്വദേശി പ്രേംകുമാറാണ് ഭാര്യ വിദ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇയാളും കാമുകി സുനിത ബേബിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും തിരുവനന്തപുരത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു. 

തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി. വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.

കൊലപാതകത്തിനു ശേഷം ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്ര്പസ്സിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിച്ചു. ഫോണ്‍ സിഗ്നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം. 

എന്നാല്‍, പൊലീസ് അന്വേഷണം പ്രേംകുമാറിലേക്ക് തന്നെ എത്തി. തുടര്‍ന്ന്,പിടിക്കപ്പെടുമെന്ന്  ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ ആറിന് വാട്സ്ആപ് സന്ദേശം പൊലീസുകാര്‍ക്ക് അയച്ചുനല്‍കിയായിരുന്നു കുറ്റസമ്മതം. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. ഇതിനു ശേഷമാണ് ഇന്ന് തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് തിരുനെല്‍വേലി പൊലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം സംസ്കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്‍റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് പ്രേംകുമാര്‍ 'തിരിച്ചറിഞ്ഞു'. 

എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്. അതേസമയം തന്നെ കാരണം മറ്റെന്തെങ്കിലുമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios