ചിക്മംഗളൂരു: പെണ്‍കുട്ടി ജനിച്ചതില്‍ അസംതൃപ്തനായ അച്ഛന്‍ ജോത്സ്യന്‍റെ ഉപദേശത്തെ തുടര്‍ന്ന് ഒരുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ന്യൂസ് മിനിറ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ മഞ്ജുനാഥ് എന്നയാളെ അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയിലാണ് നടപടി. പെണ്‍കുട്ടി പിറന്നതുമുതല്‍ ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിടുമായിരുന്നു. പിന്നീട് ഇയാള്‍ ജോത്സ്യനെ സമീപിച്ചു. നല്ല ഭാവിക്ക് പെണ്‍കുട്ടിയെ കൊല്ലുന്നതാണ് നല്ലതെന്ന ജോത്സ്യന്‍റെ ഉപദേശത്തെ തുടര്‍ന്നാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്. 

ഭാര്യ അടുക്കളയില്‍ ജോലി ചെയ്യുകയും മറ്റ് കുടുംബാംഗങ്ങള്‍ വീട്ടിലില്ലാത്തതുമായ സാഹചര്യത്തില്‍ ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, ഒന്നുമറിയാത്തവനെപ്പോലെ കിടന്നുറങ്ങി. ഭാര്യ തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുന്നതും ശ്വാസം നിലച്ചതും ശ്രദ്ധയില്‍പ്പെട്ടു. മഞ്ജുനാഥിനെ വിളിച്ചുണര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല.

മരണം അസ്വാഭാവികമാണെന്നും പൊലീസില്‍ പരാതിപ്പെടണമെന്നും ഡോക്ടര്‍ അറിയിച്ചതോടെ മഞ്ജുനാഥ് അസ്വസ്ഥനായി. സംശയം തോന്നിയ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലിലാണ് മഞ‌്ജുനാഥ് സംഭവം വിവരിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.