സംഭവത്തിൽ ജൂനിയർ എൻജിനീയർ നാഗേന്ദ്ര കുമാറിനെയും മറ്റൊരു ക്ലർക്കിനെയും സസ്‌പെൻഡ് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലഖ്‌നൗ: സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി വീട്ടിലേക്ക് അയക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാരോപിച്ച് ഉത്തർപ്രദേശ് വൈദ്യുതി വകുപ്പിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ലഖിംപൂരിലെ ജൂനിയർ എൻജിനീയറുടെ ഓഫിസിന് പുറത്ത് ഗോകുൽ പ്രസാദ് (45) എന്ന ഉദ്യോ​ഗസ്ഥനാണ് ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. സംഭവത്തിൽ ജൂനിയർ എൻജിനീയർ നാഗേന്ദ്ര കുമാറിനെയും മറ്റൊരു ക്ലർക്കിനെയും സസ്‌പെൻഡ് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗോകുൽ പ്രസാദ് തീകൊളുത്തിയതിന് ശേഷം സംഭവം വിവരിച്ച് വീഡിയോ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജൂനിയർ എൻജിനീയറും ക്ലർക്കും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ''കഴിഞ്ഞ മൂന്ന് വർഷമായി ജൂനിയർ എൻജിനീയർ ഗോകുലിനെ പീഡിപ്പിക്കുകയായിരുന്നെന്ന് ഭാര്യ ആരോപിച്ചു. മേലുദ്യോ​ഗസ്ഥന്റെ പീഡനം മൂലം ഭർത്താവ് മാനസികമായി ബുദ്ധിമുട്ടിലായിരുന്നു. വിഷാദ രോ​ഗത്തിന് ചികിത്സ തേടി. പിന്നീട് അലിഗഢിലേക്ക് സ്ഥലം മാറ്റി. യാത്രാ ബുദ്ധിമുട്ടിനെ തുടർന്ന് വീട്ടിനടുത്തേക്ക് ഒരു ട്രാൻസ്ഫർ ആവശ്യപ്പെട്ടു. സ്ഥലം മാറ്റം ലഭിക്കണമെങ്കിൽ ഭാര്യയെ ഞങ്ങളോടൊപ്പം വീട്ടിലേക്ക് വിടണമെന്നും ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടു''- ഭാര്യ പറഞ്ഞു.

സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ജൂനിയർ എൻജിനീയറെ സസ്‌പെൻഡ് ചെയ്തെന്ന് സീനിയർ പോലീസ് ഓഫീസർ സഞ്ജീവ് സുമൻ പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.