പാനിപത്ത്: ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന 28 കാരനെ കൈ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ഇഖ്‌ലാഖ് എന്ന 28 കാരന്റെ വലതുകൈയാണ് അറ്റുപോയത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ രക്ഷപ്പെടുത്തുന്നതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കൈ അറ്റുപോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, സംഭവം റെയില്‍വേ ട്രാക്കിനടുത്തെ അപകടമാക്കി എഴുതിത്തള്ളാന്‍ പൊലീസ് ശ്രമിച്ചെന്ന് പ്രതിയുടെ സഹോദരന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഖ്‌ലാഖിന്റെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെയും പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു. ഇയാളെ ചിലര്‍ പിടിച്ചുവെച്ച് മര്‍ദ്ദിച്ച ശേഷം കൈ വെട്ടിമാറ്റുകയായിരുന്നെന്ന് സഹോദരന്‍ ആരോപിച്ചു. ഓഗസ്റ്റ് 24നാണ് ഇയാള്‍ റെയില്‍വേ ട്രാക്കിനടുത്ത് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചു.  എന്നാല്‍, പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. സംഭവം പൊലീസില്‍ അറിയിച്ചിരുന്നില്ല. 

24നാണ് ഇഖ്‌ലാഖിനെ കൈ അറ്റ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കാണുന്നത്. തൊഴില്‍ തേടിയാണ് താന്‍ പാനിപത്തിലെത്തിയതെന്നും മുസ്ലീമാണെന്ന് അറിഞ്ഞയുടനെ തന്നെ ചിലര്‍ മര്‍ദ്ദിച്ചവശനാക്കി കൈ മുറിച്ചെടുത്തെന്നുമാണ് ഇയാള്‍ പറയുന്നത്. പാനിപത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിജിഐ റോഹ്തഗിലേക്ക് മാറ്റി. ഇഖ്‌ലാഖില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും പെണ്‍കുട്ടിയെ കുടുംബം രക്ഷിച്ചപ്പോള്‍ ഇയാള്‍ സ്വയം കൈമുറിച്ചെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.